കേരളത്തിലേക്കുള്ള അതിർത്തികൾ തുറന്ന് കർണാടക
കൊവിഡ് നിയമങ്ങൾ പരിഷ്‌കരിച്ചതായും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ ക്വാറന്‍റൈനിൽ കഴിയേണ്ട ആവശ്യമില്ലെന്നും, അതിർത്തികളിൽ പരിശോധന നടത്തേണ്ടതില്ലെന്നും ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ കെ.വി രാജേന്ദ്ര അറിയിച്ചു.
ബെംഗളൂരു:സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർക്കുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കി കർണാടക സർക്കാർ. ദക്ഷിണ കന്നഡ ജില്ലയിലെ അതിർത്തികൾ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് വേണ്ടി തുറന്നു. കൊവിഡ് നിയമങ്ങൾ പരിഷ്‌കരിച്ചതായും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ ക്വാറന്‍റൈനിൽ കഴിയേണ്ട ആവശ്യമില്ലെന്നും അതിർത്തികളിൽ പരിശോധന നടത്തേണ്ടതില്ലെന്നും ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ കെ.വി രാജേന്ദ്ര അറിയിച്ചു. കാസർകോട് ജില്ലയിലേക്കുള്ള എല്ലാ അതിർത്തികളും തുറന്നു. കർണാടകയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവർ അതത് സംസ്ഥാനങ്ങളിലെ നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ മംഗളൂരുവിലേക്ക് ദിവസവും യാത്ര ചെയ്യുന്നവർക്കുള്ള പാസ് സംവിധാനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ കാസർകോട് ജില്ലാ യൂണിറ്റ് തലപ്പാടിയിൽ പ്രതിഷേധിച്ചു.