കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദർശനത്തെക്കുറിച്ച് ഡി.എസ് ഹൂഡ - ലഡാക്ക്

യഥാര്‍ഥ നിയന്ത്രണ രേഖയിലുള്ള സ്തംഭനാവസ്ഥ ഒരു പരിധി വരെയൊക്കെ വഷളാകുമെന്നതിന് അപ്പുറത്തേക്ക് പോകാന്‍ പാടില്ല എന്നുള്ള കാര്യം വളരെ വ്യക്തമായി സൂചിപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ലേ സന്ദര്‍ശനത്തിലൂടെ ഇന്ത്യയെന്ന് റിട്ടയേർഡ് ലഫ്റ്റനന്‍റ് ജനറൽ ഡി.എസ് ഹൂഡ.

D S Hooda  PM Modi'  Modi's Ladakh visit  Ladakh visit  പ്രധാനമന്ത്രി  മോദി  ലഡാക്ക് സന്ദർശനം  മോദിയുടെ ലഡാക്ക് സന്ദർശനം  ഡി.എസ് ഹൂഡ  ലഡാക്ക്  ഇന്ത്യ-ചൈന
പ്രധാനമന്ത്രി മോദിയുടെ ലഡാക്ക് സന്ദർശനത്തെക്കുറിച്ച് ഡി.എസ് ഹൂഡ

By

Published : Jul 7, 2020, 9:39 PM IST

ഹൈദരാബാദ്:പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം നടപടികളിലൂടെ രാജ്യത്തെ അത്ഭുതപ്പെടുത്തുന്ന കാര്യത്തില്‍ അഗ്രഗണ്യനാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ തന്നെ ജൂലൈ മൂന്നിന് മോദി ലേയില്‍ വന്നിറങ്ങുന്നതും പരിക്കേറ്റ ജവാന്മാരെ സന്ദര്‍ശിക്കുന്നതും കൂടികാഴ്ചകളില്‍ സംബന്ധിക്കുന്നതും ഒടുവില്‍ ഒരു ഗംഭീര പ്രസംഗം കാഴ്ചവെക്കുന്നതും എല്ലാം ടെലിവിഷന്‍ സ്‌ക്രീനുകളില്‍ രാജ്യം മുഴുവന്‍ ജനങ്ങള്‍ നോക്കി കണ്ടതും വ്യത്യസ്തമായ കാര്യമല്ല. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ തമ്മില്‍ തുടര്‍ന്നു വരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഉണ്ടായ ഈ സന്ദര്‍ശനം നിരവധി കാരണങ്ങളാല്‍ പ്രാധാന്യമര്‍ഹിക്കുന്നതായി.

പ്രധാനമന്ത്രി പോരാട്ട ഭൂമിയിലേക്ക് ഇറങ്ങി ചെല്ലുന്നത് സര്‍ക്കാര്‍ ഈ പ്രതിസന്ധിയെ വളരെയധികം ഗൗരവത്തോടെ കണക്കിലെടുത്ത് സജീവമായിരിക്കുന്നു എന്നതിനുള്ള തെളിവായി മാറി. ഈ പ്രശ്‌നം സര്‍ക്കാര്‍ പ്രാധാന്യം കുറച്ച് കാണുകയാണെന്ന് ഒട്ടേറെ അഭിപ്രായങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. സൈനിക തലത്തിലുള്ള ചര്‍ച്ചകള്‍ ഒരു പരിഹാരം ഉണ്ടാക്കുമെന്നുള്ള വിശ്വാസത്തിലായിരിക്കാം സര്‍ക്കാര്‍ ഇങ്ങനെ പെരുമാറിയത്. പക്ഷെ ജൂണ്‍-15ന് ഗല്‍വാനിലുണ്ടായ രക്തം ചിന്തിയ പോരാട്ടം എല്ലാ പ്രതീക്ഷകളും തകര്‍ത്തു കളഞ്ഞു.

മുന്‍ കാലങ്ങളില്‍ ഉണ്ടാവുകയും, ഇരു വിഭാഗത്തിനും സംതൃപ്തിയേകുന്ന തരത്തില്‍ സമാധാനപരമായി പരിഹരിക്കപ്പെടുകയും ചെയ്ത സംഘര്‍ഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ചൈനയുടെ ഇപ്പോഴത്തെ നടപടികളെന്ന് വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളായി ചൈനയുടെ വിദേശ കാര്യ വകുപ്പ് ഈ സംഘര്‍ഷം എത്രയും പെട്ടെന്ന് തന്നെ കഴിയുമോ അത്രയും പെട്ടെന്ന് ലഘൂകരിച്ച് സമാധാനവും ശാന്തിയും സംരക്ഷിക്കും, എന്ന് പറഞ്ഞു തുടങ്ങിയിട്ട്. എന്നാല്‍ ഗല്‍വാന്‍ താഴ്‌വരക്കുമേല്‍ സമ്മതിച്ചു കൊടുക്കാന്‍ പറ്റാത്ത തരത്തിലുള്ള അവകാശ വാദങ്ങള്‍ ഉയര്‍ത്തുന്നതില്‍ അവര്‍ മടിച്ചില്ല എന്നു മാത്രമല്ല, ഇന്ത്യ തങ്ങളുടേതെന്ന് കരുതുന്ന പ്രദേശങ്ങളില്‍ അവര്‍ സൈനിക കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തി കൊണ്ടിരിക്കുന്ന തിരക്കിലുമായിരുന്നു.

നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ വ്യക്തമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യം ഇന്ത്യക്ക് ഒട്ടും സ്വീകാര്യമല്ല എന്നതിന്‍റെ സൂചനയാണ് പ്രധാനമന്ത്രിയുടെ ലഡാക് സന്ദര്‍ശനം. തന്‍റെ സന്ദര്‍ശനം ചൈനീസ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഒരു പ്രതികരണം സൃഷ്ടിക്കും എന്ന് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു എന്നുള്ള കാര്യം ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞു. ചൈനയുടെ വിദേശ കാര്യ മന്ത്രാലയ വക്താവ് ഇങ്ങനെ പറഞ്ഞു, “നിലവില്‍ സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാക്കുന്ന തരത്തിലുള്ള ഒരു തരത്തിലുള്ള നടപടികളിലും ഒരു വിഭാഗവും ഏര്‍പ്പെടില്ല.'' യഥാര്‍ഥ നിയന്ത്രണ രേഖയിലുള്ള (എല്‍എസി) സ്തംഭനാവസ്ഥ ഒരു പരിധി വരെയൊക്കെ വഷളാകുമെന്നതിന് അപ്പുറത്തേക്ക് പോകാന്‍ പാടില്ല എന്നുള്ള കാര്യം വളരെ വ്യക്തമായി സൂചിപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ലേ സന്ദര്‍ശനത്തിലൂടെ ഇന്ത്യ.

പ്രധാനമന്ത്രിയുടെ പ്രസംഗം വളച്ചു കെട്ടില്ലാത്തതും ആഞ്ഞടിക്കുന്നതുമായിരുന്നു. ചൈനയുടെ വിശാലമാക്കല്‍ നയത്തെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു, “വെട്ടി പിടിക്കുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഒന്നുകില്‍ തോല്‍ക്കുകയോ അല്ലെങ്കില്‍ തിരികെ പോകുവാന്‍ നിര്‍ബന്ധിതരാവുകയോ ചെയ്തിട്ടേയുള്ളൂ എന്ന് ചരിത്രം കാട്ടി തരുന്നു.'' അതോടൊപ്പം തന്നെ “ദുര്‍ബലർക്ക് ഒരിക്കലും സമാധാനം തിരികെ കൊണ്ടു വരാന്‍ കഴിയുകയില്ല'' എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യ ദൗര്‍ബല്യത്തിന്‍റെ ഒരു തലത്തില്‍ നിന്നു കൊണ്ട് ഒരിക്കലും ഒരു ചര്‍ച്ചക്ക് തയ്യാറാകില്ല എന്നതിന്‍റെ സൂചനയായിരുന്നു ഇത്.

സ്വന്തം നാട്ടിലെ ശ്രോതാക്കളെയും മനസില്‍ കണ്ടു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസംഗം. ചൈനയുടെ സൈനികരാരും തന്നെ ഇന്ത്യയുടെ പ്രദേശത്ത് കടന്നു കയറിയിട്ടില്ല എന്നുള്ള തന്‍റെ പരാമര്‍ശത്തിന് വിമര്‍ശനം വിളിച്ചു വരുത്തിയ അദ്ദേഹം ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കുവാന്‍ ചൈന നടത്തുന്ന ശ്രമങ്ങളെ അതിശക്തമാം വിധം തിരിച്ചടിച്ച് പ്രതിരോധിക്കും എന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുവാന്‍ ഇത്തവണ ആഗ്രഹിച്ചു. രാജ്യത്തെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളിലും, ഊര്‍ജ്ജ, ഐടി വ്യവസായങ്ങളിലും ചൈനയില്‍ നിന്നുള്ള കമ്പനികളുടെ പങ്കാളിത്തം പുനഃപരിശോധിക്കുവാനുള്ള സര്‍ക്കാരിന്‍റെ ഈയിടെ ഉണ്ടായ തീരുമാനത്തിനും ഇതെല്ലാം പ്രതിഫലിച്ചു കണ്ടു.

ഇന്ത്യയുടെ മനസിലുള്ള കാര്യം ഏതായാലും വ്യക്തമാക്കി കഴിഞ്ഞു. പക്ഷെ മുന്നില്‍ ഇപ്പോഴും ദുര്‍ഘട പാതയാണ് ഉള്ളത്. നമ്മള്‍ ഇപ്പോള്‍ തന്നെ ചൈനക്കുമേല്‍ മഹത്തായ വിജയം കൈവരിച്ചു എന്ന തരത്തിലുള്ള സ്തോഭജനകമായ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നതിനായി ഇന്ത്യയിലെ ടെലിവിഷന്‍ മാധ്യമങ്ങളിലെ ഒരു വിഭാഗം ശ്രമിച്ചു എന്നുള്ള കാര്യം ദൗര്‍ഭാഗ്യകരമായി മാറി. ഇത് തീര്‍ച്ചയായും നമ്മെ വിജയങ്ങളില്‍ ഊറ്റം കൊണ്ടുള്ള ഒരു അലസതയിലേക്ക് തള്ളിവിടുവാന്‍ കാരണമാകും.

നമ്മള്‍ ഇന്ത്യയുടേതെന്ന് കരുതുന്ന ഭൂപ്രദേശങ്ങളില്‍ ചൈനയുടെ സൈനികര്‍ ഇപ്പോഴും സാന്നിദ്ധ്യം തുടര്‍ന്നു വരുന്നുണ്ട് എന്നുള്ളതാണ് കഠിനമായ യാഥാര്‍ത്ഥ്യം. ഇത്തരം കടന്നു കയറ്റങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇപ്പോള്‍ പ്രധാനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. മുകളിലേക്കുള്ള ഗോവണിയില്‍ ഒരു പടി മാത്രമേ നമ്മള്‍ ഇപ്പോള്‍ കയറി കഴിഞ്ഞിട്ടുള്ളൂ. ഓരോ പടികളിലും അപകട സാധ്യതകള്‍ പതിയിരുപ്പുണ്ട്. പോരാട്ടങ്ങള്‍ ഒരിക്കലും ഒരു ഭാഗത്തിന്‍റെ മാത്രം മത്സരമല്ല. എതിരാളിക്കും അവിടെ അവരുടേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനാല്‍ ചൈനയില്‍ നിന്നുള്ള ചില പ്രതികരണങ്ങള്‍ നേരിടുന്നതിനായി നമ്മള്‍ തയ്യാറെടുത്തിരിക്കണം. നമ്മുടെ നയങ്ങള്‍ക്കെതിരെ ഒരു തിരിച്ചടി എന്നുള്ള നിലയില്‍ എല്‍എസിയില്‍ കുറച്ചു കാലം മാറാത്ത നിലപാടുകള്‍ എടുക്കുകയോ അല്ലെങ്കില്‍ പരിമിതമായ ഒരു സൈനിക ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കുകയോ ഒക്കെ അവരില്‍ നിന്ന് പ്രതീക്ഷിക്കാം.

അതിശക്തനും നിലപാടുകളിൽ മാറ്റവുമില്ലാത്ത ഒരു അയല്‍ക്കാരനെ കൈകാര്യം ചെയ്യുന്നതിനായുള്ള സര്‍ക്കാര്‍ സമീപനങ്ങളും, സര്‍വ സന്നാഹങ്ങളോടും കൂടിയുള്ള സൈനിക തയ്യാറെടുപ്പുകളും ആവശ്യമുള്ള ഒരു ദീര്‍ഘകാല പ്രവര്‍ത്തനങ്ങളിലേക്ക് നമ്മൾ കടന്നു കഴിഞ്ഞിരിക്കുന്നു. നമ്മുടെ നയ തീരുമാനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രതിഫലനങ്ങളും ഭാവിയിലെ നടപടികളും എന്തൊക്കെയായിരിക്കണമെന്ന് വളരെ വ്യക്തമായ രീതിയില്‍ വിലയിരുത്തേണ്ടി വരുന്ന മുദ്രാവാക്യങ്ങള്‍ക്ക് അപ്പുറത്തുള്ള ഒരു ഘട്ടത്തിലേക്ക് നമ്മള്‍ ഇനി എത്രയും വേഗം നീങ്ങേണ്ടിയിരിക്കുന്നു.

ഇന്ത്യ തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍, തങ്ങളുടെ പെരുമാറ്റം മൂലം ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ചൈനയുടെ നേതൃത്വവും ആഴത്തിലുള്ള ഒരു ആത്മ പരിശോധന നടത്തും. പോരാട്ടങ്ങളുടെ വിജയങ്ങളെ യുദ്ധ വിജയങ്ങളുമായി താരതമ്യം ചെയ്യുക എന്നുള്ളതാണ് തന്ത്രപരമായ ചിന്തകളിലെ ഏറ്റവും വലിയ തെറ്റ് എന്നുള്ളത് നമുക്കറിയാം. ദി അല്യൂര്‍ ഓഫ് ബാറ്റില്‍ എന്ന പുസ്തകത്തില്‍ കാതാല്‍ ജെ നോളന്‍ എഴുതുന്നു.

“പോരാട്ടത്തിന്‍റെ ദിനം വിജയിക്കുന്നത് കൊണ്ട് മാത്രമാകുന്നില്ല. ആദ്യം നിങ്ങള്‍ പ്രചാരണത്തില്‍ വിജയിക്കേണ്ടതുണ്ട്, പിന്നീട് ആ വര്‍ഷം, പിന്നീട് ആ ദശാബ്ദം. രാഷ്ട്രീയ സ്ഥായിത്വം അത് നൽകിയേക്കും. പക്ഷേ, പുനരുജ്ജീവിക്കുന്നതിനും കൂടുതല്‍ സായുധരാകുന്നതിനും വേണ്ടി ഒന്നു നിര്‍ത്തിയ ശേഷവും അത് സംഭവിക്കുന്നില്ലെങ്കില്‍ യുദ്ധം തുടര്‍ന്നു കൊണ്ടേയിരിക്കും.''

പാന്‍ ഗോങ്ങ് ട്സൊയുടെ വടക്കന്‍ കരയിലുള്ള ചെറുവിരല്‍ പോലുള്ള ഭൂപ്രദേശങ്ങള്‍ക്കായുള്ള യുദ്ധം ജയിച്ചു എന്ന് ഒരുപക്ഷെ ചൈനയുടെ സൈന്യത്തിന് തോന്നുന്നുണ്ടാകാം. എന്നാല്‍ ഈ മേഖലയില്‍ നിര്‍ണായകമായ ഭൂരാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഇന്ത്യ-ചൈന ശത്രുതയുടെ ഒരു യുഗമാണ് അവര്‍ സമ്മാനിച്ചിരിക്കുന്നത്. ഭാവിയില്‍ ഇതെല്ലാം ഏത് തരത്തിലായിരിക്കും സംഭവിക്കുക എന്നുള്ള കാര്യം അനിശ്ചിതമാണ്. എന്നാല്‍ അകാലത്തുള്ള ഒരു വിജയം പ്രഖ്യാപിക്കുന്നത് ഇരു വിഭാഗങ്ങളും വരുത്തുന്ന ഒരു വലിയ തെറ്റായി മാറും.

ABOUT THE AUTHOR

...view details