ചെന്നൈ: നിവാർ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. ഇന്ന് വൈകുന്നേരം ഏഴ് മുതൽ നാളെ രാവിലെ ഏഴ് വരെയുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയാണെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും ചുഴലിക്കാറ്റിന്‍റെ തീവ്രതയും കണക്കിലെടുത്താണ് തീരുമാനമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ചെന്നൈയിലേക്കും തെക്കൻ സംസ്ഥാനങ്ങളിലേക്കുമുളള 49ഓളം ഇൻഡിഗോ വിമാനങ്ങളുടെ സർവീസ് റദ്ദാക്കി.
നിവാർ ചുഴലിക്കാറ്റ്; ചെന്നൈ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു
ഇന്ന് വൈകുന്നേരം ഏഴ് മണി മുതൽ നാളെ രാവിലെ ഏഴ് മണി വരെയാണ് ചെന്നൈ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചത്
റദ്ദാക്കൽ ഫീസ് ഒഴിവാക്കി മുഴുവൻ ടിക്കറ്റ് തുകയും യാത്രക്കാർക്ക് തിരികെ നൽകും. നാളെ വരെയുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചതിന് ശേഷം തുടർ നടപടികൾ എടുക്കുമെന്നും അധിക ചാർജ് ഈടാക്കാതെ അടുത്ത ദിവസങ്ങളിൽ സർവീസ് നടത്തുമെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. നവംബർ 26ന് സർവീസ് നടത്തേണ്ടിയിരുന്ന ഏഴ് ട്രെയിൻ സർവീസുകള്‍ സതേൺ റെയിൽവേ റദ്ദാക്കിയിരുന്നു. അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ബുധനാഴ്‌ച അർധരാത്രിക്കും വ്യാഴാഴ്‌ച പുലർച്ചെക്കുമിടയിൽ ചുഴലിക്കാറ്റ് കാരൈക്കൽ - മാമല്ലപുരം മേഖല മറികടക്കുമെന്നാണ് സൂചന.