ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മഹാരാഷ്ട്രയുടെയും ഗുജറാത്തിന്‍റെയും തീരപ്രദേശത്തേക്ക് നീങ്ങുന്ന നിസർഗ ചുഴലിക്കാറ്റിനെ നേരിടാൻ ഒരുങ്ങുകയാണ് രാജ്യം.
ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശാണ് അറബിക്കടലിൽ രൂപം കൊണ്ട നിസർഗ ചുഴലിക്കാറ്റിന് പേര് നൽകിയിരിക്കുന്നത്. പ്രകൃതിയെന്നാണ് നിസർഗയുടെ അർത്ഥം. 2019 മെയ് മൂന്നിന് ഒഡീഷയിൽ കനത്ത നാശനഷ്ടം സൃഷ്ടിച്ച 'ഫാനി' ചുഴലിക്കാറ്റിനും ബംഗ്ലാദേശ് തന്നെയായിരുന്നു പേര് നിർദേശിച്ചത്. ചുഴലിക്കാറ്റുകളെ തിരിച്ചറിയാനും അവയെ കുറിച്ച് അവബോധം സൃഷ്ടിക്കാനും മുന്നറിയിപ്പുകൾ നൽകാനും മറ്റുമാണ് ഈ പേരിടൽ രീതി അവലംബിച്ചിരിക്കുന്നത്. 2000 മുതലായിരുന്നു ചുഴലിക്കാറ്റുകൾക്ക് പേരിടൽ ആരംഭിച്ചത്.
2000ൽ നടന്ന ഇരുപത്തിയേഴാമത് സമ്മേളനത്തിലായിരുന്നു ലോക കാലാവസ്ഥാ സംഘടനയും യുഎൻ ഇക്കണോമിക്-സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ, പസഫിക് എന്നിവയും ചേർന്ന് ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്ക് പേരുകൾ നൽകാൻ അംഗീകാരം നൽകിയത്.
ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്ലൻഡ് എന്നീ രാജ്യങ്ങൾ ഈ കൂട്ടായ്മയുടെ ഭാഗമായിരുന്നു. പിന്നീട് 2018ൽ ഇറാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യെമൻ എന്നിവയേയും പട്ടികയിൽ ചേർത്തു. ഇതനുസരിച്ച് വരാനിരിക്കുന്ന ചുഴലിക്കാറ്റുകൾക്ക് യഥാക്രമം ഗതി (ഇന്ത്യ), നിവാർ (ഇറാൻ), ബ്യൂറേവി (മാലിദ്വീപ്), തക്തേ (മ്യാൻമർ), യാസ് ( ഒമാൻ) എന്നിങ്ങനെ പേരുകൾ നൽകും.