ബെംഗളൂരു: കര്‍ണാടകയില്‍ ശക്തി പ്രാപിച്ച് ക്യാര്‍ ചുഴലിക്കാറ്റ്. വെള്ളിയാഴ്‌ച പെയ്‌ത ശക്തമായ കാറ്റിലും മഴയിലും ദക്ഷിണ കന്നട ജില്ലയിലെ നിരവധി വീടുകൾ തകര്‍ന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കർണാടക തീരത്ത് കടല്‍ പ്രക്ഷുബ്‌ധമാകാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകൾക്ക് റെഡ് അലർട്ട് നൽകിയിട്ടുണ്ട്.
കര്‍ണാടകയില്‍ നാശം വിതച്ച് ക്യാര്‍ ചുഴലിക്കാറ്റ് - കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അടുത്ത 24 മണിക്കൂറിനുള്ളില്‍ കർണാടക തീരത്ത് കടല്‍ പ്രക്ഷുബ്‌ദമാകാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ദിവസത്തേക്ക് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശം.
ദക്ഷിണ കന്നഡ ജില്ലയിൽ വെള്ളിയാഴ്‌ച മാത്രം 32.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മംഗളൂരു, ബന്ത്വാൾ, ബെൽത്തങ്ങാടി എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ച മഴയേക്കാൾ കൂടുതൽ മഴയാണ് ഇത്തവണ ലഭിച്ചത്. നേത്രാവതി നദിയും കരകവിഞ്ഞൊഴുകുകയാണ്. 25 മീറ്റര്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്.
മംഗളൂരു, മാൽപെ, കാർവാർ തീരങ്ങളിൽ അടുത്ത 24 മുതൽ 36 മണിക്കൂർ വരെ മൂന്ന് മീറ്റർ മുതൽ 3.3 മീറ്റർ വരെ വലിയ തിരമാലകൾ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തേക്ക് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകി.