കൊൽക്കത്ത: ഫാനി ചുഴലിക്കാറ്റ് സാധ്യത പരിഗണിച്ച് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി. വെള്ളിയാഴ്ച രാത്രി 9.30 മുതൽ തിങ്കളാഴ്ച വൈകിട്ട് 6 മണി വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും സുരക്ഷ പ്രവർത്തനങ്ങൾ ഏകോപിക്കാനും വേണ്ടിയാണ് സർവീസുകൾ റദ്ദ് ചെയ്തതെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് അറിയിച്ചു. വ്യോമ ഗതാഗത നിയന്ത്രണ വിഭാഗത്തിന്‍റെ അനുമതി ലഭിച്ചു കഴിഞ്ഞാൽ സർവീസുകൾ പുനഃസ്ഥാപിക്കും.
ഫാനി ചുഴലിക്കാറ്റ്; വിമാന സർവീസുകൾ റദ്ദാക്കി
ഒഡീഷ, ആന്ധ്രാ പ്രദേശ്, തമിഴ് നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളെ ഫാനി ബാധിക്കാൻ സാധ്യത
ഒഡീഷയുടെ തലസ്ഥാനമായ ഭൂവനേശ്വരിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഇന്ന് അർദ്ധരാത്രി മുതൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി ആഭ്യന്തര വിമാന സർവീസുകളെ നിയന്ത്രണം ബാധിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തിൽ നിന്നുള്ള എല്ലാ സർവീസുകളും ഇൻഡിഗോ നിർത്തലാക്കി.
ഒഡീഷയ്ക്ക് പുറമെ ആന്ധ്രാ പ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളെയാണ് ഫാനി ബാധിക്കാൻ സാധ്യത. ബംഗാളിൽ ഹൗറ, ഹൂഗ്ലി, ജാർഗ്രാം, കൊൽക്കത്ത എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് ഭീഷണിയുണ്ട്. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് നാവിക സേനയുടെയും കോസ്റ്റ് ഗാർഡിന്‍റെയും കപ്പലുകളും ഹെലികോപ്ടറും തീരങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.