കേരളത്തിനും തമിഴ്‌നാടിനും കേന്ദ്ര സഹായം ഉറപ്പ് നല്‍കി അമിത് ഷാ - പിണറായി വിജയന്‍
ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ചാണ് അമിത് ഷാ കേന്ദ്ര സഹായം വാഗ്‌ദാനം ചെയ്‌തത്.
ന്യൂഡല്‍ഹി: ബുറെവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിനും തമിഴ്‌നാടിനും കേന്ദ്ര സഹായം ഉറപ്പ് നല്‍കി ആഭ്യന്തരമന്ത്രി അമിത് ഷാ. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഫോണില്‍ വിളിച്ചാണ് മോദി സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനോടും, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോടും ഫോണില്‍ സംസാരിച്ചതായി ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്. ദേശീയ ദുരന്ത നിവാരണ സേനയെ രണ്ട് സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. വെള്ളിയാഴ്‌ച തെക്കന്‍ തീരങ്ങളില്‍ ബുറെവി ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും തെക്കന്‍ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.