ന്യൂഡൽഹി: കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്തിന് ശേഷം സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതായി വിദഗ്ധർ. ഈ വർഷം ആദ്യ പാദത്തിൽ ദക്ഷിണമേഖലയിലെ രണ്ട് പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളായ ചെന്നൈയും ബെംഗളൂരുവും സൈബർ കുറ്റവാളികളുടെ പ്രധാന ലക്ഷ്യങ്ങളായി മാറിയതായും സമീപകാല പഠനങ്ങൾ വെളിപ്പെടുത്തി.
മഹാമാരിയുടെ സമയത്ത് സൈബർ കുറ്റവാളികൾ അവരുടെ കുറ്റകൃത്യങ്ങൾ നടപ്പിലാക്കുന്ന രീതിയിൽ വ്യത്യസ്ത പുലർത്തുന്നുവെന്ന് ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ വിദഗ്ധൻ മുകേഷ് ചൗധരി പറയുന്നു. ലോക്ക് ഡൗണിൽ ഇന്റർനെറ്റ് ഉപയോഗം വർധിച്ചതും ഇതിനൊരു കാരണമാണ്. മദ്യവിൽപ്പന, കൊവിഡ്-19 കെയർ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യാജ ആപ്ലിക്കേഷനുകൾ പ്രചരിപ്പിക്കുന്നത് വഴി കൂടുതൽ ഉപയോക്താക്കളെ ചതിക്കുഴികളിൽ വീഴ്ത്താൻ സാധിക്കുന്നു. മുംബൈയിൽ ഒരാൾക്ക് 60,000 രൂപയാണ് ഓൺലൈൻ മദ്യവിൽപനയിൽ വഞ്ചിതരായി നഷ്ടപ്പെട്ടതെന്ന് ചൗദരി പറഞ്ഞു. വ്യക്തികളെ മാത്രമല്ല സംരംഭങ്ങളെയും സോഫ്റ്റ്വെയറുകളെയും സൈബർ കുറ്റവാളികൾ ലക്ഷ്യമിടുന്നു. 2020 ജനുവരിക്കും മാർച്ചിനും ഇടയിൽ നടന്ന
സൈബർ ആക്രമണങ്ങളിൽ ചെന്നൈ ആണ് ഒന്നാം സ്ഥാനത്തുള്ളത്. ഇവിടെ 42 ശതമാനം സൈബർ ആക്രമണങ്ങൾ നടന്നതായി സ്വകാര്യ സൈബർ സുരക്ഷാ സ്ഥാപനമായ കെ-7 കമ്പ്യൂട്ടിംഗ് പറയുന്നു. 38 ശതമാനം ആക്രമണങ്ങളുമായി ബെംഗളൂരു രണ്ടാം സ്ഥാനത്തും, ഹൈദരാബാദും കൊൽക്കത്തയും 35 ശതമാനം സൈബർ ആക്രമണങ്ങളുമായി മൂന്നാം സ്ഥാനത്തുമാണ്.