ഹൈദരാബാദ്: മൃഗഡോക്‌ടറെ പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊന്ന കേസിലെ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി സൈബരാബാദ് പൊലീസ് കമ്മിഷണര്‍ വി.സി സജ്ജനാര്‍. തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ പ്രതികള്‍ പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വടികളും കല്ലുകളും ഉപയോഗിച്ച് ഇവര്‍ പൊലീസിനെ ആക്രമിച്ചു. പൊലീസുകാരില്‍ നിന്നും തോക്കുകള്‍ തട്ടിയെടുത്ത് പൊലീസിന് നേരെ വെടിയുതിര്‍ത്തു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ അതിന് തയാറായില്ല. ഇതേ തുടര്‍ന്നാണ് പൊലീസ് തിരിച്ച് വെടിയുതിര്‍ത്തത്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നിയമം കടമ ചെയ്‌തു; വിശദീകരണവുമായി സൈബരാബാദ് പൊലീസ് കമ്മിഷണർ സജ്ജനാര്‍
തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ പ്രതികള്‍ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു.പൊലീസുകാരില്‍ നിന്നും തോക്കുകള്‍ തട്ടിയെടുത്ത് പൊലീസിന് നേരെ വെടിയുതിര്‍ത്തെന്നും സജ്ജനാർ
നിയമം അതിന്‍റെ കടമയാണ് നിര്‍വഹിച്ചതെന്നും പൊലീസ് കമ്മീഷണര്‍ സജ്ജനാര്‍ പറഞ്ഞു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തിയത്.
അതേസമയം ഏറ്റുമുട്ടല്‍ സംബന്ധിച്ച് തെലങ്കാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയവും മനുഷ്യാവകാശ കമ്മിഷനും വിശദീകരണം തേടി. സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികളുടെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുക. പൊലീസ് വെടിവെപ്പില്‍ സമ്മിശ്ര പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും ഉയരുന്നത്.