ജയ്പൂർ:രാജസ്ഥാനില്‍ വിശ്വാസ വേട്ടെടുപ്പ് നടത്താൻ പാർട്ടി ആവശ്യപ്പെടില്ലെന്ന് രാജസ്ഥാൻ ഭാരതീയ ജനതാ പാർട്ടി പ്രസിഡന്‍റ് സതീഷ് പൂനിയ. അഴിമതി നിറഞ്ഞ സർക്കാര്‍ കൊവിഡ് പ്രതിസന്ധി ദുരുപയോഗം ചെയ്യുന്നുവെന്നും വിശ്വാസ വോട്ടെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ സതീഷ് പൂനിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അശോക് ഗെലോട്ട് സര്‍ക്കാര്‍ ദുര്‍ബലമായെന്നും സർക്കാർ സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യാർഥം ഭരണം ഒഴിയണമെന്നും പൂനിയ ആവശ്യപ്പെട്ടു.
സർക്കാരിന്‍റെ അടിത്തറ ദുർബലമാണെന്നും തങ്ങളുടെ നേതാക്കൾ ഐക്യത്തോടെയാണ് കഴിയുന്നതെന്ന് കോൺഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തർക്കങ്ങൾ ഉണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്കുള്ളിലെ വിള്ളല്‍ മൂലമാണ് സച്ചിൻ പൈലറ്റിന് കോൺഗ്രസിൽ നിന്ന് പിന്മാറേണ്ടി വന്നതെന്നും ഇത്തരത്തിലുള്ള സര്‍ക്കാരിന് സംസ്ഥാനത്തെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്‍റെ പാരമ്പര്യം ഇതാണെന്നും അതുകൊണ്ടാണ് വർഷങ്ങളായി കോൺഗ്രസിൽ ഉണ്ടായിരുന്ന ജ്യോതിയാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. സച്ചിൻ പൈലറ്റിന്‍റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കാൻ പോകുന്നതെന്നും പൂനിയ പറഞ്ഞു.
അതേസമയം, കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) യോഗത്തിൽ പങ്കെടുക്കാൻ സച്ചിൻ പൈലറ്റിന് കേൺഗ്രസ് പാർട്ടി അവസരം നൽകുമെന്ന് രാജസ്ഥാൻ കോൺഗ്രസിന്‍റെ ചുമതലയുള്ള അവിനാശ് പാണ്ഡെ പറഞ്ഞു. സച്ചിൻ പൈലറ്റിന് രണ്ടാമതൊരു അവസരം പാര്‍ട്ടി നൽകുകയാണെന്നും ചൊവ്വാഴ്ചത്തെ സിഎൽപി യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മീറ്റിങില്‍ എല്ലാ എംഎൽഎമാരും വരുമെന്ന് പ്രതീക്ഷിക്കുന്നതായും ജയ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഹമ്മദ് പട്ടേൽ, പി ചിദംബരം, കെ സി വേണുഗോപാൽ എന്നിവർ സച്ചിൻ പൈലറ്റുമായി നിരവധി തവണ സംസാരിച്ചതായും കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ പൈലറ്റ് പങ്കെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ, മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ വസതിയിൽ തിങ്കളാഴ്ച നടന്ന സിഎൽപി യോഗത്തിൽ പൈലറ്റ് ഉൾപ്പെടെ 20 എംഎൽഎമാർ പങ്കെടുത്തില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
പൈലറ്റിന് പുറമെ വേദ് സോളങ്കി, രാകേഷ് പരിക്, മുരാരി ലാൽ മീന, ജെ ആർ ഖതാന, ഇന്ദ്രജ് ഗുർജാർ, ഗജേന്ദ്ര സിംഗ് ശക്തിവത്, ഹരീഷ് മീന, ദീപേന്ദ്ര സിംഗ് ശേഖാവത്ത്, ഭൻവർ ലാൽ ശർമ, ഗജരാജ് ഖതാന, വിജേത്ര ചൗന, ഹേമരാം വിശ്വേന്ദ്ര സിംഗ്, മുകേഷ് ഭാക്കർ, സുരേഷ് മോദി, വീരേന്ദ്ര ചൗധരി, അമർ സിംഗ് ജാതവ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗെലോട്ടും പൈലറ്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായിരുന്നു. എംഎൽഎമാരെ വേട്ടയാടാൻ ശ്രമിച്ച് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി ശ്രമിക്കുകയാണെന്ന് അശോക് ഗെലോട്ട് ആരോപിച്ചു.