ന്യൂഡല്‍ഹി: ജമ്മു കശ്മീരിലേക്കുള്ള വിദേശ പ്രതിനിധികളുടെ സന്ദർശനത്തിന്‍റെ ലക്ഷ്യം സ്ഥിതിഗതികൾ വിലയിരുത്താനാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ. ഇതൊരു മാർഗ നിർദ്ദേശ പര്യടനമാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ ഭാവിയില്‍ സമാനമായ സന്ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് അംബാസിഡർ കെനീത് ജസ്റ്റർ അടങ്ങുന്ന 15 അംഗ സംഘമാണ് ശ്രീനഗറിലെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനമാണ് നിശ്ചിയിച്ചിട്ടുള്ളത്. ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ സംസ്ഥാനത്തിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതിന് ശേഷം സന്ദർനത്തിനെത്തുന്ന ആദ്യ വിദേശ സംഘമാണിത്.
വിദേശ സംഘത്തിന്‍റെ സന്ദർശനം; ആരോപണങ്ങൾ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനെത്തിയതാണ് 15 അംഗ സംഘം. ഭാവിയിലും ഇത്തരത്തിലുള്ള സന്ദർശനങ്ങൾ തുടരുമെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.
സന്ദർശനത്തിന് സർക്കാർ സൗകര്യമൊരുക്കിയതായും സുരക്ഷ ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, പ്രദേശവാസികൾ, സൈന്യം, മാധ്യമപ്രവർത്തകർ എന്നിവരുമായി വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവർ കൂടിക്കാഴ്ച നടത്തുന്നുമെന്നും രവീഷ് കുമാർ പറഞ്ഞു. സംഘത്തെ സന്ദർശിച്ച രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ പ്രത്യേക സംഘത്തിന്‍റെ സന്ദർശനം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വളരെ ചെറിയ ഒരു സംഘത്തെയാണ് ക്ഷണിച്ചതെന്നും യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ വലിയ ഒരു സംഘമായിട്ടാണ് കശ്മീർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നതെന്നും എല്ലാവരെയും സർക്കാർ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.