ന്യൂഡൽഹി: ദ്വീപ് രാഷ്‌ട്രമായ മാലിയിലെ ക്രിക്കറ്റ് ടീമിന്‍റെ ശേഷി വർധിപ്പിക്കുന്നതിനായി ടീമുകൾക്ക് ഉടൻ തന്നെ പരിശീലനം നൽകാൻ ഇന്ത്യ ഒരുങ്ങുന്നു. ഒരു മാസത്തെ തീവ്ര പരിശീലനത്തിനായി മാലിയിലെ ദേശീയ പുരുഷ- വനിതാ ടീമുകൾ ചെന്നൈയിലേക്ക് യാത്ര തിരിക്കുമെന്ന് മാലി ഇന്ത്യൻ എംബസി ഔദ്യോധികമായി പ്രഖ്യാപിച്ചു. മാലി പരിശീലകർക്കായി നടത്തിയ ഒരാഴ്‌ച നീണ്ട ലെവൽ -2 പരിശീലനം നവംബർ 14ന് അവസാനിച്ചു. അതിന്‍റെ തുടർച്ചയായി ഷാവിർ താരാപോരിന്‍റെ നേതൃത്വത്തിൽ രണ്ട് ബിസിസിഐ അമ്പയർ കോച്ചുകൾ നവംബർ 19 മുതൽ 26 വരെ ലെവൽ-2 പരിശീലനം നടത്തുകയാണ്.
അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മാർച്ചിൽ നടത്തിയ മാലി സന്ദർശനവേളയിൽ ഇന്ത്യൻ സർക്കാരിനോട് മാലിദ്വീപിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയം പണിയാൻ ആവശ്യപ്പെടുകയുണ്ടായി. ഈ വർഷം ജൂണിൽ നടന്ന സന്ദർശനത്തിൽ ഈ ആവശ്യം അംഗീകരിച്ചതായി മോദി അറിയിച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ദ്വീപിലെ ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ഉറപ്പിക്കാനുള്ള വഴിയൊരുക്കും. ജൂൺ എട്ടിന് നടന്ന ഔദ്യോഗിക സന്ദർശനത്തിൽ പ്രസിഡന്‍റ് ഇബ്രാഹിം സോളിഹിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുഴുവൻ താരങ്ങളും ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് നരേന്ദ്ര മോദി സമ്മാനിച്ചു.