ന്യൂഡൽഹി: ആശ്വാസ വാർത്തയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,129 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ആകെ കേസുകളുടെ എണ്ണം 78,64,811 ആയി ഉയർന്നെങ്കിലും ചികിത്സയിലുള്ളവരുടെ എണ്ണം 6,68,154 ആണ്. 578 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ മരണസംഖ്യ 1,18,534 ആയി. ഒടുവിൽ പുറത്തു വന്ന കണക്കുകൾ പ്രകാരം 62,077 രോഗികൾ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടുന്നവർ 70 ലക്ഷം കടന്നു. 90 ശതമാനത്തിനടുത്താണ് രോഗമുക്തി നിരക്ക്.
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 50,129 പുതിയ കേസുകൾ - രോഗമുക്തി നിരക്ക് ഇന്ത്യ
62,077 രോഗികൾ കൂടി സുഖം പ്രാപിച്ചു. 90 ശതമാനത്തിനടുത്താണ് രോഗമുക്തി നിരക്ക്.
കൊവിഡ് അതിരൂക്ഷമായി ബാധിച്ച മഹാരാഷ്‌ട്രയിൽ 1,40,702 രോഗികളാണ് ചികിത്സയിൽ തുടരുന്നത്. 14,55,107 പേർ രോഗമുക്തി നേടിയപ്പോൾ 43,152 പേർ മരണത്തിന് കീഴടങ്ങി. കേരളത്തിൽ 97,520 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. 1,306 മരണങ്ങളും ഇതിനോടകം സംഭവിച്ചു. പശ്ചിമ ബംഗാളിൽ 36,807, തമിഴ്‌നാട്ടിൽ 31,787, രാജ്യതലസ്ഥാനമായ ഡൽഹിയിൽ 26,467 എന്നിങ്ങനെയാണ് സജീവ രോഗികളുടെ കണക്ക്. രാജ്യത്ത് 10 കോടി സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ശനിയാഴ്‌ച മാത്രം 11 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ വ്യക്തമാക്കി.