ന്യൂഡൽഹി: അടുത്ത വർഷം ആദ്യത്തോടെ കൊവിഡ് വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡിനെ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വർഷം ആദ്യത്തോടെ കൊവിഡ് വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി - India COVID vaccine
കോൺഗ്രസ് എംപി ആനന്ദ് ശർമയുടെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി നൽകുകയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ
കൊവിഡിനെ പ്രതിരോധിക്കാൻ വേണ്ട മുഴുവൻ സാഹചര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാളെ ചരിത്രം ഓർക്കുമെന്നും മറ്റ് രാജ്യങ്ങളെപ്പോലെ തന്നെ ഇന്ത്യയും ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ മാർഗനിർദേശങ്ങൾ പ്രകാരം വിദഗ്ദ്ധ സംഘം കൊവിഡിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ പരിശോധിച്ച് വരികയാണെന്നും അടുത്ത വർഷം ആരംഭത്തോടെ കൊവിഡ് വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്നും രാജ്യസഭയിൽ സംസാരിക്കവെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു.
ജനുവരി എട്ട് മുതൽ പ്രധാനമന്ത്രിയും മന്ത്രിമാരും സംസ്ഥാന ആരോഗ്യമന്ത്രിമാരും സ്ഥിതിഗതികൾ അഭിസംബോധന ചെയ്യുന്നുണ്ട്. ജനുവരി 30ന് രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആദ്യ കൊവിഡ് കേസിന് മുമ്പ് തന്നെ എല്ലാത്തരം ഉപദേശങ്ങളും ആരോഗ്യ പ്രവർത്തകർക്ക് നൽകിയിരുന്നു. അദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ രാജ്യത്ത് വിപുലമായ കോൺടാക്റ്റ്-ട്രെയ്‌സിങ് നടത്തിയിരുന്നു. ആദ്യ കൊവിഡ് കേസുമായി ബന്ധപ്പെട്ട 162 കോൺടാക്റ്റുകളാണ് കണ്ടെത്തിയതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസ് എംപി ആനന്ദ് ശർമയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി. കൊവിഡ് മൂലം ഏർപ്പെടുത്തിയ ലോക്ക് ഡൗൺ 14 മുതൽ 29 ലക്ഷം കൊവിഡ് കേസുകളെ തടഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു.