ഹൈദരാബാദ്: തെലങ്കാനയിൽ കൊവിഡ് 19 ആശങ്ക തുടരുന്നു. പ്രാഥമിക പരിശോധനയിൽ രണ്ട് പേരുടെ ഫലം കൂടി പോസിറ്റീവ് എന്ന് കണ്ടെത്തി. സംസ്ഥാനത്ത് ഒരാൾക്ക് വൈറസ് ബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ തെലങ്കാന സർക്കാർ വൈറസ് പടരുന്നത് തടയാനുള്ള ശ്രമങ്ങൾ വിപുലമാക്കി. ഇതിന്‍റെ ഭാഗമായി പൊതുഗതാഗത സംവിധാനങ്ങളിൽ ശുചിത്വ പ്രവർത്തനങ്ങൾ നടത്തി.
തെലങ്കാനയിൽ ശുചീകരണ പരിപാടികൾ വിപുലീകരിച്ചു ഹൈദരാബാദ് മെട്രോ റെയിൽ ഉദ്യോഗസ്ഥർ എല്ലാ സ്റ്റേഷനുകളിലും മെട്രോ കോച്ചുകൾക്കുള്ളിലും അണുനാശിനി തളിച്ചു. മെട്രോ സ്റ്റേഷനുകൾ, ട്രെയിനുകൾ, എസ്‌കലേറ്ററുകൾ, ഹാന്‍റ്റെയിലുകൾ എന്നിവ സോപ്പും ഡിറ്റർജന്റുകളും ഉപയോഗിച്ച് വൃത്തിയാക്കിയതായി ഹൈദരാബാദ് മെട്രോ റെയിൽ എംഡി എൻവിഎസ് റെഡ്ഡി പറഞ്ഞു.
ബസ് സ്റ്റേഷനുകളിലും തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടിഎസ്ആർടിസി) ബസുകളിലും സമാനമായ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. കൊവിഡ് ബോധവൽക്കരണ പരിപാടികളും നടത്തുന്നുണ്ട്.
ഹൈദരാബാദ് മെട്രോ ട്രെയിനുകളിലും ടിഎസ്ആർടിസി ബസുകളിലും ശുചിത്വ നടപടികൾ സ്വീകരിക്കണമെന്ന് തെലങ്കാന മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി കെ.ടി. രാമ റാവു സംസ്ഥാന ഗതാഗത മന്ത്രി പുവാഡ അജയ് കുമാറിനോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നടപടി.
തെലങ്കാനയിൽ ആദ്യത്തെ കോവിഡ് -19 കേസ് റിപ്പോർട്ട് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ മറ്റ് രണ്ട് പേരെ ഗാന്ധി ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരിൽ ഒരാൾ ഇറ്റലിയിൽ നിന്നെത്തിയതാണെന്നും അധികൃതർ പറഞ്ഞു. ഇവരുടെ സാമ്പിളുകൾ വിദഗ്ദ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതെസമയം, ചൊവ്വാഴ്ച പരിശോധനാ വിധേയമാക്കിയ 47 സാമ്പിളുകളിൽ 45 സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് പബ്ലിക് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡയറക്ടർ പറഞ്ഞു.
നെഗറ്റീവായി കണ്ടെത്തിയ 45 പേരെ ഡിസ്ചാർജ് ചെയ്തതായും 14 ദിവസത്തേക്ക് കർശനമായി വീടുകളിലും നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദ്ദേശിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.