കൊല്‍ക്കത്ത:ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ച അമ്പത്തിമൂന്നുകാരിയുടെ മൃതദേഹം സ്ത്രീയുടെ ഫ്ളാറ്റില്‍ കയറ്റാന്‍ അനുവദിക്കാതെ അയല്‍വാസികള്‍. എതിര്‍പ്പിനെ തുടര്‍ന്ന് മൃതദേഹം ഏഴ് മണിക്കൂറോളം റോഡില്‍ കിടന്നു. ഹൗറ ജില്ലയിലെ ഹപ്ത ബസാറിലാണ് സംഭവം. രാജകുമാരി ജെയിനാണ് മരിച്ചത്. ജൂണ്‍ 17ന് ഇവരുടെ മകന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ കൊല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കാരണത്താലാണ് രാജകുമാരി ജെയിന്‍റെ മൃതദേഹം ഫ്ലാറ്റിലേക്ക് കയറ്റാന്‍ മറ്റ് താമസക്കാര്‍ അനുവദിക്കാതിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ജൂൺ 19 വരെ രാജകുമാരി മകനോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ശേഷം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ഗുസുരിയിലെ നഴ്സിങ് ഹോമില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. തുടര്‍ന്ന് രാജകുമാരിയുടെ മൃതദേഹവുമായി ഭര്‍ത്താവ് രാജ്കുമാര്‍ തിരികെ അപ്പാര്‍ട്ട്മെന്‍റില്‍ എത്തിയപ്പോഴാണ് താമസക്കാര്‍ പ്രതിഷേധിച്ചത്. മൃതദേഹം അകത്തേക്ക് പ്രവേശിപ്പിക്കാന്‍ ഇവര്‍ അനുവദിച്ചില്ല.