ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 63,631 രോഗികൾ സുഖം പ്രാപിച്ചു. ഇതോടെ റിക്കവറി നിരക്ക് 74.69 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.87 ശതമാനമായി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിതർ 30 ലക്ഷത്തിലേക്കടുക്കുമ്പോൾ, മൊത്തം വീണ്ടെടുക്കലുകളുടെ എണ്ണം 22,22,577 ആയി ഉയർന്നു.
രാജ്യത്ത് പ്രതിദിനം പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 10 ലക്ഷത്തിലധികം സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേയമാക്കിയത്. കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നയപരമായ തീരുമാനങ്ങൾ കൊവിഡ് പരിശോധന ത്വരിതപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. സമഗ്രമായ നിരീക്ഷണം, കോൺടാക്റ്റ് ട്രേസിംഗ് എന്നിവയിലൂടെ കേസുകൾ നേരത്തേ തിരിച്ചറിയുന്നതും രോഗികളുടെ സമയബന്ധിതവും കാര്യക്ഷമവുമായ ക്ലിനിക്കൽ ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വേഗത്തിൽ വീണ്ടെടുക്കൽ ഉറപ്പാക്കുന്നു.