ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 18,000ത്തോളം പേർ രോഗമുക്തി നേടിയതോടെ കൊവിഡ് ഭേദമായവരുടെ എണ്ണം 6,53,750 ആയി. നിലവിൽ 2,95,058 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളതെന്നും സജീവ കേസുകളേക്കാൾ 2.95 ലക്ഷം പേർ രോഗ മുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ സജീവ കേസുകളിൽ ഗുരുതരാവസ്ഥയിൽ ഉള്ളവർക്ക് ഹോം ഐസൊലേഷനിലും ആശുപത്രികളിലുമായി ചികിത്സ നൽകുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിൽ കൊവിഡ് രോഗമുക്തി നേടിയവർ 6,53,750 കടന്നു - ന്യൂഡൽഹി
നിലവിലെ ആക്‌ടീവ് കൊവിഡ് കേസുകളേക്കാൾ കൂടുതൽ പേർ കൊവിഡ് രോഗമുക്തി നേടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കൊവിഡ് റിക്കവറി നിരക്ക് 63 ശതമാനമാണ്. 1,34,33,742 കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയതെന്നും കഴിഞ്ഞ ദിവസം 3,61,024 പരിശോധനകൾ നടത്തിയെന്നും മന്ത്രാലയം അറിയിച്ചു. ആശങ്കാജനകമായി കൊവിഡ് രോഗികൾ വർധിക്കുന്ന ബിഹാർ, പശ്ചിമ ബംഗാൾ, അസം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ കൊവിഡ് വ്യാപനത്തിന്‍റെ നിരക്ക് കുറക്കണമെന്നും മരണനിരക്ക് ഒരു ശതമാനത്തിന് താഴെ നിർത്താൻ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
കൊവിഡ് രോഗികൾ വർധിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സർക്കാർ വിദഗ്‌ദ സംഘത്തെ അയക്കും. ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ, നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്. കെ. സിങ്, ഡൽഹി എയിംസിലെ അസോസിയേറ്റ് മെഡിസിൻ പ്രൊഫസർ ഡോ. നീരജ് നിഷാൽ എന്നിവരടങ്ങുന്ന സംഘം നാളെ ബിഹാർ സന്ദർശിക്കും.