കേരളം

kerala

ETV Bharat / bharat

കൊവിഡ് 19 മഹാമാരി നിയന്ത്രണം എത്ര ലളിതം, പക്ഷെ എന്താണ് ഇത്ര പ്രയാസം? - Precautionary Measures

നിങ്ങളുടെ കണ്ണും മൂക്കും വായയും കഴിയുന്നത്ര തൊടാതിരിക്കുക. ഹസ്തദാനം ചെയ്യുന്നതിനു പകരം നമസ്‌തെ പറയുക. സാമൂഹിക അകലം പാലിക്കുക - മറ്റുള്ളവരില്‍ നിന്നും ഒരു മീറ്റര്‍ ദൂരെ നില്‍ക്കുക. വായിക്കാം എങ്ങനെയെല്ലാം കൊവിഡിനെ തടയാമെന്ന്

Dr Dileep Mavalankar  COVID 19 Pandemic  Novel Coronavirus  Indian Institute of Public Health  Virus Outbreak  Precautionary Measures  Learned Behaviour
Dr Dileep Mavalankar COVID 19 Pandemic Novel Coronavirus Indian Institute of Public Health Virus Outbreak Precautionary Measures Learned Behaviour

By

Published : Mar 24, 2020, 10:41 AM IST

ഹൈദരാബാദ്:കൊവിഡ് 19 മഹാമാരിയുടെ കാര്യത്തില്‍ ചെയ്യേണ്ട കാര്യം വളരെ ലളിതമാണ്. അതിന്‍റെ വ്യാപനം തടയുക. ഒരു പക്ഷെ ലക്ഷക്കണക്കിന് തവണ ആവര്‍ത്തിച്ച് കഴിഞ്ഞിട്ടുണ്ടാകാം ഈ പറച്ചിലൊക്കെ. നിങ്ങളുടെ മൂക്കും വായയും തൂവാല കൊണ്ട് മൂടുക അല്ലെങ്കില്‍ ടിഷ്യൂ കൊണ്ട് മൂടുക, തുപ്പാതിരിക്കുക, ഇരുപത് സെക്കന്‍റ് നേരം തുടര്‍ച്ചയായി ഇടക്കിടെ കൈകള്‍ കഴുകികൊണ്ടിരിക്കുക. നിങ്ങളുടെ കണ്ണും മൂക്കും വായയും കഴിയുന്നത്ര തൊടാതിരിക്കുക. ഹസ്തദാനം ചെയ്യുന്നതിനു പകരം നമസ്‌തെ പറയുക. സാമൂഹിക അകലം പാലിക്കുക - മറ്റുള്ളവരില്‍ നിന്നും ഒരു മീറ്റര്‍ ദൂരെ നില്‍ക്കുക. 1918-ലെ ഫ്‌ളൂ മഹാമാരി കാലം തൊട്ടു തന്നെ അറിയാവുന്ന വളരെ ലളിതമായ കാര്യങ്ങളാണ് ഇതൊക്കെയും. ഒന്നും പുതിയതല്ല, ഒന്നും സങ്കീര്‍ണ്ണമല്ല, ഒന്നും ചെലവേറിയതുമല്ല. പക്ഷെ ജീവിതത്തില്‍ ലളിതമായ കാര്യങ്ങള്‍ ചെയ്യുവാന്‍ എളുപ്പമല്ല. എന്തുകൊണ്ട്??

ഒരു മഹാമാരി പടര്‍ന്നു പിടിച്ചിരിക്കുന്ന ഈ വേളയില്‍ മാധ്യമങ്ങളും മൊബൈല്‍ റിങ്ങ്‌ടോണുകളും നേതാക്കന്മാരുമൊക്കെ ഏതാണ്ട് ഒരു മാസമായി ഇതൊക്കെ പറഞ്ഞു കൊണ്ടേയിരിക്കുന്നു. പക്ഷെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണവും മരണവുമെല്ലാം ദിനം പ്രതി കൂടികൊണ്ടിരിക്കുന്നു. ജനങ്ങളുടെ പെരുമാറ്റത്തില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത് അത്രയധികമൊന്നും അത് മാറിയിട്ടില്ലെന്നാണ്. ഇപ്പോഴും ആളുകള്‍ മുഖം മറക്കാതെ പൊതു സ്ഥലങ്ങളില്‍ ചുമക്കുന്നു, റോഡുകളില്‍ തുപ്പുന്നു, മുഖവും മൂക്കുമൊക്കെ മാന്തുന്നു, ജനക്കൂട്ടത്തില്‍ നില്‍ക്കുന്നു, കൈ കൊടുക്കുന്നു, കെട്ടിപിടിക്കുന്നു. കൊവിഡ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കുകയും തിമിര്‍ത്തുല്ലസിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ? ഇതിനൊരു മാറ്റമുണ്ടാകാന്‍ ഇനി എന്തു ചെയ്യണം?

നമ്മുടെ പെരുമാറ്റത്തിലെ ലളിതമെന്ന് തോന്നുന്ന രീതികള്‍ മാറ്റുക എന്നുള്ളത് എളുപ്പമല്ല എന്നതിന് നിരവധി കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം ഇതൊക്കെ എത്രയോ കാലമായി ശീലിച്ച് പോരുന്ന പെരുമാറ്റങ്ങളാണ്. കൈ കൊടുക്കുന്നതും കെട്ടിപിടിക്കുന്നതുമൊക്കെ നമ്മുടെ പ്രാദേശിക സംസ്‌കാരത്തിന്‍റെ ഭാഗമാണ്. സന്തോഷവും ഊഷ്മളതയും അല്ലെങ്കില്‍ സൗഹൃദവുമെല്ലാം അനുഭവിച്ചറിയാന്‍ കഴിയുന്നതിനായി നമ്മള്‍ ആര്‍ജ്ജിച്ച് വന്ന പെരുമാറ്റ രീതികളാണ് ഇതെല്ലാം. ചുമക്കലും, തുമ്മലും, തുപ്പലുമെല്ലാം ശാരീരികവും ആര്‍ജ്ജിതവുമായ പെരുമാറ്റങ്ങളുടെ ഭാഗമാണ്. ഇതൊക്കെ തന്നെ നമ്മുടെ പതിവ് രീതികളാണ്. ഇത്തരം പതിവ് രീതികളും ആര്‍ജ്ജിതമായ പെരുമാറ്റ രീതികളും മാറ്റുക എന്നത് ഒട്ടും തന്നെ എളുപ്പമല്ല. ഇത്തരം നടപടികള്‍ മിക്കവയും ഒട്ടും തന്നെ ചിന്തിച്ചെടുക്കുന്നവയല്ല, മറിച്ച് സ്വാഭാവിക പ്രതികരണം പോലുള്ള പെരുമാറ്റങ്ങളാണ്.

രണ്ടാമത്തെ കാരണം, ആരോഗ്യ മനശാസ്ത്രത്തില്‍ പറയുന്ന ഒരു ആശയമാണ്. ഇത് പ്രകാരം ആളുകള്‍ ചിന്തിക്കുന്നത്, എനിക്കോ എന്‍റെ കുടുംബത്തിനോ ഉണ്ടാകുന്നതല്ല രോഗങ്ങളും അല്ലെങ്കില്‍ മോശപ്പെട്ട കാര്യങ്ങളും എന്നും, അതൊക്കെ പൊതു ജനങ്ങള്‍ക്ക് അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞ കാര്യമാണ് എന്നുമാണ്. അതിനാല്‍ ഉപദേശങ്ങള്‍ ഞാന്‍ ചെവികൊള്ളും. മറ്റുള്ളവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യും. മാത്രമല്ല അവയെല്ലാം സത്യവും ഉപകാരപ്രദമാണെന്ന് വിശ്വസിക്കുകയും ചെയ്യും പക്ഷെ ഉപബോധ മനസ്സില്‍ ഇതെല്ലാം ഞാന്‍ ചെയ്യേണ്ട കാര്യമല്ല എന്നൊരു തോന്നലുണ്ടാകും. അതിനാല്‍ നമുക്ക് വേണ്ടി നമ്മുടെ ഇത്തരം പെരുമാറ്റരീതികള്‍ മാറ്റേണ്ട ആവശ്യമില്ലെന്ന് ഒരു തീരുമാനമെടുക്കാന്‍ നമുക്ക് ഒരു മടിയുമില്ല.

പല ലളിതമായ കാര്യങ്ങളും ലഭിക്കുവാന്‍ എളുപ്പമല്ല എന്നുള്ളതാണ് മൂന്നാമത്തെ കാര്യം. ഉദാഹരണത്തിന് വെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ ഇരുപത് സെക്കന്‍റ് നേരം തുടര്‍ച്ചയായി കഴുകണമെന്ന് ഉപദേശം എടുക്കാം. ഇന്ത്യയില്‍ മിക്കയിടങ്ങളിലും- തെരുവുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കമുള്ള ഓഫീസുകള്‍, റെയില്‍വെ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, മാത്രമല്ല, റെസ്‌റ്റോറന്‍റ്കളിലും, കക്കൂസുകളില്‍ പോലും കൈകള്‍ കഴുകുവാനുള്ള സംവിധാനങ്ങള്‍ ഒന്നും ഉണ്ടായിരിക്കില്ല. അല്ലെങ്കില്‍ അവ പ്രവര്‍ത്തിക്കുന്നുണ്ടാവില്ല. ചില ദുരന്ത ജനകമായ സാഹചര്യങ്ങളില്‍ വെള്ളവും സോപ്പും പോലും ഉണ്ടാവില്ല. പല വീടുകളിലും വളരെ കുറച്ച് മാത്രമേ വെള്ളമുണ്ടാവുകയുള്ളൂ. പൈപ്പ് ജലം ഉണ്ടാവുകയേ ഇല്ല. സോപ്പും ദുര്‍ലഭമായിരിക്കും. പിന്നെ വാച്ചില്‍ നോക്കി കണക്കാക്കിയാല്‍ ഇരുപത് സെക്കന്‍റ് എന്നുള്ളത് വളരെ ദൈര്‍ഘ്യമേറിയ സമയമായിരിക്കും. എന്‍റെ ഒരു ഏകദേശ കണക്ക് പ്രകാരം ജനസംഖ്യയുടെ ഒരു ശതമാനം പോലും ഇത് ചെയ്യുന്നുണ്ടാവില്ല. ശസ്ത്രക്രിയാ വിദ്ഗധരേയും ഒ സി ഡി ഉള്ള ആളുകളെയും ഒഴിച്ചുള്ള കാര്യമാണ് ഈ പറയുന്നത്. സാധാരണ ഗതിയില്‍ അഞ്ച് മുതല്‍ ഏഴ് സെക്കന്‍റുകള്‍ കൊണ്ട് കൈ കഴുകല്‍ കഴിയും. അതിനാല്‍ ഇരുപത് സെക്കന്‍റുകള്‍ തുടര്‍ച്ചയായി കൈ കഴുകണമെന്ന് പറയുവാന്‍ എളുപ്പമാണെങ്കിലും ചെയ്യുവാന്‍ പ്രയാസമാണ്.

ഇനി കണ്ണ്, മൂക്ക്, വായ അല്ലെങ്കില്‍ മുഖം എന്നിവയൊക്കെ തൊടുന്ന കാര്യമെടുക്കാം. അത് നമ്മുടെ പതിവ് രീതികളാണ്. അതുപോലെ ജീവിത ശൈലിയാണ് അതൊടൊപ്പം ശാരീരികമായ ആവശ്യവുമാണ്. കഴിഞ്ഞ മാസം ഈ മഹാമാരി പൊട്ടി പുറപ്പെട്ടതിനു ശേഷം ഇക്കാര്യങ്ങളില്‍ ഞാന്‍ എന്‍റെ തന്നെ പെരുമാറ്റം നിരീക്ഷിക്കാറുണ്ട്. അതൊടൊപ്പം തന്നെ ഞാന്‍ ഒട്ടനവധി മീറ്റിങ്ങുകളിലും മറ്റും വച്ച് കാണാറും അടുത്തിടപഴകാറുമുള്ള ഒട്ടേറെ ഉന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളേയും നിരീക്ഷിക്കാറുണ്ട്. അവരില്‍ മിക്കവരും എന്‍റെ നിരീക്ഷണത്തില്‍ ഇടക്കിടെ കണ്ണുകളും മൂക്കും, അല്ലെങ്കില്‍ മുഖവും തൊട്ടു കൊണ്ടിരിക്കും. ഇതിനു കാരണം ഒന്നുകില്‍ അത് ഒരു പതിവ് രീതി അല്ലെങ്കില്‍ ചെറിയ തോതില്‍ മൂക്കിലോ കണ്ണിലോ ഉണ്ടാകുന്ന ഒരു ചൊറിച്ചിലിനോടുള്ള സ്വാഭാവിക പ്രതികരണം അല്ലെങ്കില്‍ ബോറടി മാറ്റുവാനുള്ള ഒരു ശീലം അല്ലെങ്കില്‍ ഉറക്കത്തില്‍ സംഭവിക്കുന്നത് എന്നൊക്കെയാവാം. ഈ സമ്പ്രദായങ്ങളൊക്കെയും മാറ്റുക പ്രയാസമാണ്. ചിലതൊക്കെ തലമുറകളായി വികസിച്ചു വന്നവയായിരിക്കും. അതുപോലെ നമ്മുടെ മൂക്കും കണ്ണുകളും വായയുമെല്ലാം സംരക്ഷിക്കുവാനും അവ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയുവാനുമുള്ള പരിണാമ ജീവശാസ്ത്രത്തില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന സംഗതികളാണ്.

ഇനി അടുത്തത്. കൂട്ടം കൂടുക, തിക്കും തിരക്കും ഉണ്ടാക്കുക, ഇതൊരു പക്ഷെ നമ്മുടെ ജനസാന്ദ്രത കൊണ്ട് ഉണ്ടായതായിരിക്കാം. അതല്ലെങ്കില്‍ അനര്‍ഹവും ക്രമരഹിതവുമല്ലാത്ത ഒരു രാജ്യത്ത് ഒരു വരിയില്‍ മര്യാദയോടെ നിന്നാല്‍ ഒന്നും കിട്ടാന്‍ പോകുന്നില്ല എന്ന ചിന്തയില്‍ നിന്നുണ്ടായതാകാം. അതല്ലെങ്കില്‍ നമ്മള്‍ സ്‌നേഹിക്കുന്നവരോട് ഏറ്റവും അടുത്ത് നിന്ന് ഇടപഴകുക എന്ന മനുഷ്യ സഹജമായ അല്ലെങ്കില്‍ ജീവ ശാസ്ത്രപരമായ ആവശ്യത്തില്‍ നിന്നുണ്ടായതാകാം. സാമൂഹിക, വ്യാപാര, രാഷ്ട്രീയ കാര്യങ്ങളിലൊക്കെയും വന്‍ തോതില്‍ ആളുകളെ വിളിച്ചു കൂട്ടി ആഘോഷിക്കുകയും പൊങ്ങച്ചം കാണിക്കുകയും വേണം ഇന്ത്യക്കാര്‍ക്ക്. കണക്കുകളാണ് നമ്മുടെ കരുത്ത് എന്ന് എല്ലാവരും വിശ്വസിക്കുന്നു. മുന്‍ കൂട്ടി അനുമതി എടുത്ത് കാര്യങ്ങള്‍ക്ക് എത്തുന്ന സംവിധാനത്തിൽ നമ്മുടെ രാജ്യത്ത് ആരും വിശ്വസിക്കുന്നില്ല എന്നു വേണം കരുതാന്‍. രാജ്യത്ത് ഏതെങ്കിലും പൊതു ഓഫീസുകളൊ സ്വകാര്യ ഓഫീസുകളൊ മുന്‍ കൂട്ടി സമയം വാങ്ങി എത്തുന്നവർക്ക് സേവനം നൽകുന്നത് പതിവാക്കിയിട്ടുണ്ട് എന്ന് തോന്നുന്നില്ല. എന്ത് സേവനം ലഭിക്കുന്നതിനും നമുക്ക് വരി നില്‍ക്കുകയോ കൂട്ടം കൂടുകയോ ചെയ്തേ പറ്റൂ. മാത്രമല്ല, വരി നില്‍ക്കുന്നതിലെ അച്ചടക്കമോ വരി നില്‍ക്കുന്നതിലെ നൈതികത സംബന്ധിച്ച ബോധമോ നമുക്ക് ഒട്ടും തന്നെ ഇല്ല എന്ന് പറയാം. ഇവിടെയും ഇതൊക്കെ മാറ്റുക എന്നത് അത്ര എളുപ്പമല്ല. അതിന് വലിയ നയ പരിഷ്‌കാരങ്ങളും മനോഭാവ മാറ്റവും ആവശ്യമാണ്. നമ്മള്‍ വികേന്ദ്രീകരിക്കുകയും ജനാധിപത്യ വല്‍ക്കരിക്കുകയും ചെയ്യണമെന്ന് മാത്രമല്ല സേവനങ്ങളുടെ വിതരണം വര്‍ദ്ധിപ്പിച്ച് എന്തിനും ഏതിനും ജനം കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുകയും വേണം.

പെരുമാറ്റ രീതികള്‍ മാറണമെങ്കില്‍ അല്ലെങ്കില്‍ അവയെ ഭഞ്ജിക്കണമെങ്കില്‍ വിദ്യാഭ്യാസം വേണം, അറിവ് വേണം, ആശയവിനിമയവും വേണം. അത് മാത്രം മതിയാകില്ല. ആവര്‍ത്തിച്ചാവര്‍ത്തിച്ച് അത് പരിശീലിച്ചു കൊണ്ടേയിരിക്കണം. ഈ അടുത്ത കാലത്ത് ഇതിന് ഒരു നല്ല ഉദാഹരണം ഉണ്ടായിട്ടുണ്ട്. ഒരുപാട് നഗരങ്ങളില്‍ പൊതു പാര്‍ക്കുകളില്‍ കുറെ പേര്‍ ഒന്നിച്ച് കൂടുന്നു. അവിടെ അവര്‍ ചിരി ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്നു. അവര്‍ ഒരുമിച്ചെത്തി അത് പരിശീലിക്കുന്നു. കൃത്രിമമായ ചിരി. ഒരു ഡ്രില്‍ മാസ്റ്റര്‍ ഉത്തരവിടുന്നതിനു അനുസൃതമായി ചെയ്യുന്നതു പോലെ ഒരു ചിരി ക്ലബ്ബിന്‍റെ ഏകോപനക്കാരന്‍ എല്ലാവരേയും ചിരി എന്ന കല ഒരു ഡ്രില്‍ എന്ന കണക്കില്‍ പരിശീലിപ്പിക്കുന്നു. അതുകൊണ്ട് തന്നെ സമ്പ്രദായങ്ങള്‍ മാറ്റുന്നതിന് ഇതു തന്നെയാണ് നമ്മള്‍ ചെയ്യേണ്ടത്. ആളുകളോട് പരിശീലിക്കാന്‍ പറയുക. ഒരു ഡ്രില്ലിലെന്നപോലെ. കൈകള്‍ മറച്ച് കൊണ്ട് അല്ലെങ്കില്‍ ഒരു തൂവാല കൊണ്ട് മൂടികൊണ്ട് ചുമക്കുക, മൂക്കോ കണ്ണുകളോ ഒരു തൂവാല കൊണ്ട് ഉരക്കുക എന്നിവയൊക്കെ ഇങ്ങനെ പരിശീലിപ്പിക്കണം. ഒരു മീറ്റര്‍ ദൂര പരിധി വിട്ട് നില്‍ക്കുവാന്‍ അതുപോലെ കൈ കൊടുക്കാതെയോ കെട്ടിപിടിക്കാതെയൊ സംസാരിക്കാനോ വരവേല്‍ക്കാനോ നമ്മള്‍ എല്ലാവരേയും പരിശീലിപ്പിക്കണം. ഒരു ഡ്രില്ലിലെന്നപോലെ.

സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ ഭാഗമായി പൊതു സ്വകാര്യ കെട്ടിടങ്ങളില്‍ ആവശ്യത്തിന് വെള്ളവും സോപ്പും എല്ലാം ഒരുക്കി കൊണ്ട് വേണ്ടത്ര കക്കൂസുകളും കൈ കഴുകല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തണം. കൈ കഴുകല്‍ സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ളതായിരിക്കണം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ തന്നെ. അതിനു വേണ്ട മാറ്റങ്ങള്‍ അതിന് വരുത്തണം. ഇരുപത് സെക്കന്‍റ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് തുടര്‍ച്ചയായി കൈ കഴുകണമെങ്കില്‍ സോപ്പില്ലാതെ രണ്ട് മിനിട്ട് കൈ കഴുകുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ആവശ്യമാണെന്നതിനാല്‍ വാട്ടര്‍ ടാങ്കുകളുടെ പൊതുവായ വലിപ്പം കൂട്ടേണ്ടതുണ്ട്. ഏറ്റവും ഒടുവിലായി പറയാനുള്ളത് നമ്മുടെ സാമൂഹിക രാഷ്ട്രീയ ശക്തി സംബന്ധിച്ച ആശയങ്ങള്‍ ജനക്കൂട്ടത്തിന്‍റെ എണ്ണമെന്ന കണക്കുകളില്‍ നിന്നും മാറി മറ്റെന്തെങ്കിലും രീതിയില്‍ സംതൃപ്തിയും സന്തോഷവും ലഭിക്കുന്നതാക്കി മാറ്റണം. ഇവിടെ ഒരു പക്ഷെ സാമൂഹിക മാധ്യമങ്ങള്‍ക്ക് സഹായിക്കാനായേക്കും. ഇതായിരിക്കാം ഒരു പക്ഷെ ഏറ്റവും കടുത്ത വെല്ലുവിളി. ഇവിടെയാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ച ജനതാ കര്‍ഫ്യൂ എന്ന ആശയം പോലുള്ള അഭിനന്ദനീയമായ കാര്യങ്ങളെ പിന്‍പറ്റി എന്തു പരിപാടികളാണെങ്കിലും ഇനി പരമാവധി 300-400 ആളുകള്‍ മാത്രമേ, അല്ലെങ്കില്‍ അല്‍പ്പം കൂടി ജനങ്ങള്‍ വേണമെന്നുള്ള പരിപാടികള്‍ക്ക് പരമാവധി ആയിരം എന്ന കണക്കിലേക്ക് നമ്മള്‍ ഒരു ധാര്‍മികമായ പെരുമാറ്റ സംഹിത സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. അതിനാല്‍ കൊവിഡ് 19 മഹാമാരി നിയന്ത്രിക്കുവാന്‍ ചെയ്യണമെന്ന് പറയുന്ന ലളിതമായ കാര്യങ്ങള്‍ ചെയ്യുക ഒട്ടും തന്നെ എളുപ്പമല്ല. പക്ഷെ ഒരു രാജ്യമെന്ന നിലയിലും സമൂഹമെന്ന നിലയിലും നമ്മള്‍ അത് ചെയ്യുവാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അവയെല്ലാം തന്നെ എളുപ്പമാകും. ഈ മഹാമാരിയോട് പടപൊരുതുവാന്‍ എത്രയും പെട്ടെന്ന് നമ്മള്‍ അത് ചെയ്യേണ്ടിയിരിക്കുന്നു.

(ലേഖകന്‍ ഐ ഐ പി എച്ച് ജി ഡയറക്ടറാണ്. വീക്ഷണങ്ങള്‍ വ്യക്തിപരമാണ്)

ഡോക്ടര്‍ ദിലീപ് മാവലങ്കര്‍, ഡയറക്ടര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത്, ഗാന്ധിനഗര്‍

ABOUT THE AUTHOR

...view details