കൊവിഡിനോട് ഇന്ത്യയുടെ അയൽ രാജ്യങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു? - covid
ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. ബംഗ്ലാദേശിനും നേപ്പാളിനും മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഇന്ത്യ കൈമാറിയിട്ടുണ്ട്.
കൊവിഡിനോട് ഇന്ത്യയുടെ അയൽ രാജ്യങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു?
By
Published : Apr 29, 2020, 10:20 PM IST
കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി ഇന്ത്യ ഇപ്പോൾ ഒരു മാസത്തിലേറെയായി രാജ്യവ്യാപകമായി ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മറുവശത്ത്, ലോകത്ത് വൈറസിന്‍റെ ജനന കേന്ദ്രമായ ചൈന, രോഗ വ്യാപനം നിയന്ത്രിക്കുന്നതിൽ വലിയ പരിധി വരെയും വിജയിച്ചു എന്നു വേണം കരുതാന്‍. ഈ സാഹചര്യത്തില്‍, ഇന്ത്യയുടെ മറ്റ് അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എങ്ങനെയാണ് ഈ പ്രതിസന്ധിയെ നേരിട്ടു കൊണ്ട് ഇരിക്കുന്നത് എന്ന ചോദ്യം ഉയരുന്നുണ്ട്.
ഈ രാജ്യങ്ങളില്‍ കൊവിഡിന്‍റെ പ്രഭാവം എങ്ങനെയാണ്? അവിടുത്തെ സർക്കാരുകളുടെ തീരുമാനങ്ങൾ എങ്ങനെയാണ് രൂപം കൊള്ളുന്നത്? ആ രാജ്യങ്ങളിലെ ആളുകൾ ഏതൊക്കെ തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്? ഈ പിന്നോക്ക രാജ്യങ്ങളിലെ നിലവിലെ സാമ്പത്തിക സ്ഥിതി എന്താണ്? എന്തൊക്കെയാണ് അവര്‍ കൈക്കൊണ്ടിരിക്കുന്ന ആരോഗ്യ മുൻകരുതലുകൾ?
അഫ്‌ഗാനിസ്ഥാൻ: ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും അഭാവം നേരിടുന്നു
ഭീകര സംഘടനയായ താലിബാന്‍റെ വേരോട്ടം ഉള്ള രാജ്യമായ അഫ്‌ഗാനിസ്ഥാനിലും കൊവിഡ് വ്യാപക നാശമാണ് വിതച്ചത്. ദാരിദ്ര്യവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും, ലോക്ക് ഡൗണ്‍ നടപടികളും, വൈറസ് വ്യാപനം തടയുന്നതിനുള്ള മറ്റ് നടപടികളും രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കി. ആയിരക്കണക്കിന് സ്വയം തൊഴിൽ യൂണിറ്റുകൾ അടച്ചുപൂട്ടി. ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടു. ദരിദ്രരെ സംരക്ഷിക്കാൻ സർക്കാർ ഇപ്പോൾ ചൈന, പാകിസ്ഥാൻ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളെ പൂർണമായും ആശ്രയിക്കുകയാണ്.
പാക്കിസ്ഥാനിൽ നിന്നും ഇറാനിൽ നിന്നും ദശലക്ഷക്കണക്കിന് അഫ്‌ഗാനികൾ മടങ്ങിയെത്തിയതോടെ പുതിയ പ്രശ്‌നങ്ങൾ അവിടെ ഉയർന്നു. ഇറാനിൽ നിന്ന് പൗരന്മാർ രാജ്യത്ത് തിരിച്ചു എത്തിയതോടെ ഫെബ്രുവരി 24ന് ആദ്യ കെവിഡ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുടര്‍ന്ന് മാർച്ച് 22ന് കൊവിഡ് മൂലമുള്ള ആദ്യത്തെ മരണവും റിപ്പോർട്ട് ചെയ്‌തു. ക്വാറന്‍റൈൻ നിയമങ്ങൾ ലംഘിച്ചതാണ് രാജ്യത്ത് അതിവേഗം വൈറസ് പടരുന്നതിന്‍റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇത് രാജ്യത്തെ ജനങ്ങൾക്കിടയിൽ അതിവേഗം അണുബാധ പടരുന്നതിലേക്ക് നയിച്ചു. തല്‍ഫലമായി രാജ്യത്തെ മിക്കവാറും എല്ലാ പ്രവിശ്യകളും അടച്ചുപൂട്ടാൻ കാരണമായി. കൊവിഡ് രോഗത്തിന്‍റെ കാഠിന്യം താലിബാനെ പോലും ലോക്ക് ഡൗൺ പിന്തുണയ്ക്കാന്‍ പ്രേരിപ്പിച്ചു.
പാകിസ്ഥാന്‍
കൊവിഡ് ഒരു ഇടിമിന്നൽ പോലെ പാകിസ്ഥാനിൽ ഉണ്ടാക്കിയ ആഘാതം സങ്കൽപ്പത്തിന് അതീതമാണ്. ലോക്ക് ഡൗൺ കാരണം പാകിസ്ഥാനിൽ ഏകദേശം 1.87 കോടി ആളുകൾക്ക് ജോലി നഷ്‌ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഇറാനിലേക്ക് പോയ രണ്ട് വിദ്യാർഥികളില്‍ ഫെബ്രുവരി 26നാണ് ആദ്യമായി വൈറസ് കണ്ടെത്തിയത്. മാർച്ച് 30നാണ് പാകിസ്ഥാനില്‍ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്‌തത്. മാർച്ച് 10 മുതല്‍ 12 വരെ ലാഹോറിൽ സംഘടിപ്പിച്ച തബ്‌ലീഗ് ജമാഅത്ത് മത സമ്മേളനത്തിന്‍റെ ഫലമായി കൊവിഡ് വൈറസിന്‍റെ ‘സൂപ്പർ സ്പ്രെഡറുകൾ’ സൃഷ്‌ടിക്കപ്പെട്ടു. സാമൂഹിക അകലം പാലിക്കാനുള്ള സർക്കാരിന്‍റെ മുന്നറിയിപ്പിന് ചെവി കൊടുകാതെ 40 രാജ്യങ്ങളുടെ പ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ ഒരു ദശലക്ഷത്തിലധികം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. ഇത് വൈറസ് അതിവേഗത്തിൽ പടരാൻ കാരണമായി.
കൊവിഡ് ബാധിത രോഗികള്‍ വർധിച്ചതോടെ തബ്‌ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത ഇരുപത്തിനായിരത്തോളം ആളുകളെ അധികൃതർ കസ്റ്റഡിയില്‍ എടുത്തു. മാർച്ച് 15 മുതൽ പാകിസ്ഥാനിലെ എല്ലാ പ്രവിശ്യകളും ഒന്നിനു പുറകെ ഒന്നായി സര്‍ക്കാർ അടച്ചു പൂട്ടാന്‍ ആരംഭിച്ചു. സമൂഹ വ്യാപനം വഴി 79 ശതമാനം ആളുകൾ രോഗ ബാധിതരായപ്പോൾ പാകിസ്ഥാന്‍ സർക്കാർ ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി. നിലവില്‍ പാകിസ്ഥാനിൽ നിയന്ത്രണങ്ങൾക്ക് അൽപം അയവു വരുത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ എട്ട് കോടി വരുന്ന ദരിദ്രർക്ക് അവരുടെ നിലവിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരാൾക്ക് 11,000 രൂപയാണ് സര്‍ക്കാർ നല്‍കുന്നത്. എന്നിട്ടും ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലാണ്. വൈറസ് അതിവേഗം പടരുന്നുവെന്ന് ആശങ്കയുണ്ടെങ്കിലും റംസാന്‍റെ പ്രാർഥനയ്ക്കായി പള്ളികൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ടെസ്റ്റുകളിലെ വേഗതയുടെ അഭാവമാണ് അനേകം പോസിറ്റീവ് കേസുകൾ തിരിച്ചറിയപ്പെടാതിരിക്കാനുള്ള പ്രധാന കാരണമെന്നും ഇതുമൂലം ധാരാളം ഒളിഞ്ഞിരിക്കുന്ന രോഗ വാഹകരും ലക്ഷണമില്ലാത്ത രോഗികളും സ്വതന്ത്രമായി ചുറ്റിക്കറങ്ങുന്നുവെന്നും മുന്നറിയിപ്പുകൾ ഉണ്ട്. അത്തരം രോഗികൾ സമൂഹത്തിന് കനത്ത അപകടമാണ് ഉണ്ടാക്കുന്നത്. പാകിസ്ഥാനി അധികാരികളും സർക്കാരും അടിയന്തിര സാഹചര്യങ്ങളിൽ നേരിടുന്നതിന് 1.18 ലക്ഷം കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്.
നേപ്പാൾ: ടെസ്റ്റുകൾ നടത്താൻ പോലും ബജറ്റ് ഇല്ല
ജനുവരി 23ന് വുഹാനിൽ നിന്ന് നേപ്പാളിലേക്ക് മടങ്ങുക ആയിരുന്ന ഒരു യുവാവിൽ കൊവിഡ് ലക്ഷണങ്ങൾ കണ്ടു. പക്ഷേ രോഗിയില്‍ രോഗ നിര്‍ണയ പരിശോധന നടത്താന്‍ രാജ്യത്ത് പരിശോധന കിറ്റുകളൊന്നും ലഭ്യമല്ലായിരുന്നു. കൊവിഡ് രോഗം നിർണയിക്കുന്നതിനുള്ള പരിശോധനയ്ക്ക് 17,000 നേപ്പാൾ രൂപയാണ് ചെലവ് വരിക. തുടർന്ന് രോഗ ബാധിത വ്യക്തിയുടെ ശരീര ശ്രവ സാമ്പിളുകൾ സിംഗപ്പൂരിലേക്ക് അയക്കുകയും, അവിടെ അത് പോസിറ്റീവ് ആണെന്ന് പരിശോധനാഫലം വരികയായിരുന്നു. തുടര്‍ന്ന് രോഗ ബാധിതനെ കസ്റ്റഡിയിലെടുക്കുകയും ക്വാറന്‍റൈനിലേക്ക് മാറ്റി. ആശുപത്രി വിട്ടതിന് ശേഷം അടുത്ത ഒൻപത് ദിവസത്തേക്ക് വീട്ടിൽ ഒറ്റപ്പെട്ടു കഴിയണമെന്ന് ഡോക്‌ടർമാർ നിർദേശിച്ചിരുന്നു.
കൊവിഡ് കേസുകൾ വർധിച്ചപ്പോൾ 100ഓളം ടെസ്റ്റിംഗ് മാത്രമാണ് സർക്കാർ വാങ്ങിയത്. ഇത് നേപ്പാളിന്‍റെ ദാരിദ്ര്യാവസ്ഥയുടെ പ്രതിഫലനമാണ്. കൊവിഡ് ബാധിതരുള്ള ഇന്ത്യയുമായും ചൈനയുമായും അതിർത്തി പങ്കിടുന്നതിനാൽ ഇതിനകം തന്നെ കുറഞ്ഞ സാമ്പത്തിക സൂചികയുള്ള നേപ്പാളില്‍ സ്ഥിതിഗതികള്‍ കൂടുതൽ മോശമായി. ഈ രാജ്യത്തിന്‍റെ പ്രധാന വരുമാന മാർഗം ടൂറിസമാണ്. എവറസ്റ്റ് കൊടുമുടിയിലെ വിവിധ പർവതാരോഹണ പര്യടനങ്ങൾക്കും രാജ്യത്തിന്‍റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും വിദേശ വിനോദ സഞ്ചാരികൾ രാജ്യത്തേക്ക് ഒഴുകുകയായിരുന്നു.
കൊവിഡ് മൂലം നേപ്പാളിലെ ടൂറിസ്റ്റ് വിസ റദ്ദാക്കേണ്ടി വരികയും കൂടാതെ ഇന്തോ-നേപ്പാൾ അതിർത്തി അടച്ച് ഇടേണ്ടിയും വന്നു. മാർച്ച് 24 മുതലാണ് നേപ്പാളില്‍ പൂര്‍ണമായ അടച്ചിടല്‍ പ്രാബല്യത്തിൽ വന്നത്. തൽഫലമായി ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്‌ടപ്പെടുമെന്ന ആശങ്കയിലാണ്. പർവതാരോഹകരും അവരെ പിന്തുണച്ച് വേതനം നേടുന്ന ആളുകളും ഇപ്പോൾ ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തുകയാണ്. അടിയന്തിര മരുന്നുകൾ പോലും ഇന്ത്യാ സർക്കാർ ആണ് നേപ്പാളിൽ വിതരണം ചെയ്യുന്നത്.
ഭൂട്ടാൻ
ഭൂട്ടാനിലെ ആദ്യത്തെ കൊവിഡ് കേസ് മാർച്ച് ആറിനാണ് റിപ്പോര്‍ട്ട് ചെയ്‌തത്. അമേരിക്കയിൽ നിന്നുള്ള 79 വയസ്സുള്ള ഒരു യാത്രക്കാരനാണ് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ഉടൻ തന്നെ രോഗിയുടെ ഭാര്യയേയും മറ്റ് 70 യാത്രക്കാരെയും ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. പതിമൂന്നു ദിവസങ്ങള്‍ക്ക് ശേഷം രോഗ മുക്തി നേടിയ അമേരിക്കക്കാരന്‍ തന്‍റെ രാജ്യത്തേക്ക് തിരിച്ചു പോയി. പക്ഷേ അദേഹത്തിന്‍റെ ഭാര്യയും ഡ്രൈവറും ഭൂട്ടാനിൽ തന്നെ തുടർന്നു.
ഇന്ത്യയിൽ വൈറസ് പടരുന്നതിനെക്കുറിച്ച് അറിഞ്ഞ ഭൂട്ടാൻ രാജാവ് ഇന്തോ-ഭൂട്ടാൻ അതിർത്തി മുഴുവൻ അടച്ചു. വിവിധ സാധനങ്ങളുടെ ഇറക്കുമതിയും നിരോധിച്ചു. ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരെ ഒഴിപ്പിച്ച് രാജ്യ തലസ്ഥാനമായ തിംഫുവിൽ സ്ഥാപിച്ചിട്ടുള്ള ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. പൂർണമായും സുഖം പ്രാപിച്ചതിനു ശേഷമാണ് ഇവരെ തങ്ങളുടെ സ്വന്തം നാടുകളിലേക്ക് അയച്ചത്. ഇതുവഴി സ്ഥിതി നിയന്ത്രണവിധേയമാക്കുകയാണ്.
ശ്രീലങ്ക
ഒരു മെഡിക്കൽ അടിയന്തരാവസ്ഥ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ശ്രീലങ്ക ലോകത്തിന് കാണിച്ചുകൊടുത്തു. ദുരന്തത്തെ നേരിടാന്‍ ശ്രീലങ്കന്‍ സർക്കാർ തയ്യാറാകുകയും സ്വന്തം പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകുകയുമാണ് ചെയ്‌തത്. ശ്രീലങ്കന്‍ ഗവൺമെന്‍റിന്‍റെ ജാഗ്രത രാജ്യത്തിന്‍റെ സുരക്ഷയെ വളരെയധികം സഹായിച്ചു. തുടക്കത്തിൽ, അപകടകരമായ തോതിൽ വൈറസ് പടരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ശ്രീലങ്കയ്ക്ക് പതിനാറാം സ്ഥാനമുണ്ടായിരുന്നു. പക്ഷേ ശരിയായ ആരോഗ്യ നയങ്ങളും നടപ്പാക്കലുകളിലൂടെയും മാരകമായ പകർച്ചവ്യാധിയെ വിജയകരമായി മറികടന്ന രാജ്യങ്ങളുടെ പട്ടികയിൽ അടുത്തിടെ ശ്രീലങ്ക ഒമ്പതാം സ്ഥാനം പിടിച്ചു. സർക്കാർ രാജ്യത്തുടനീളം നടപ്പാക്കിയ വിജയകരമായ തന്ത്രങ്ങളുടെ തെളിയിക്കപ്പെട്ട വസ്‌തുതയാണിത്.
ലോകാരോഗ്യ സംഘടന വൈറസിനെക്കുറിച്ചും പകർച്ചവ്യാധിയെക്കുറിച്ചും മുന്നറിയിപ്പുകള്‍ പുറത്തുവിട്ടയുടനെ രാജ്യത്തെ എല്ലാ എയർപോർട്ടുകളിലും സ്ക്രീനിംഗ് സെന്‍ററുകൾ സ്ഥാപിച്ചു. ജനുവരി 27ന് ചൈനയിൽ നിന്ന് ശ്രീലങ്കയിലേക്ക് മടങ്ങിയ ഒരു സ്ത്രീക്ക് കൊവിഡ് ലക്ഷണങ്ങളുള്ളതായി കണ്ടെത്തി. ഉടൻ തന്നെ അവരെ ക്വാറന്‍റൈനിലേക്ക് മാറ്റി. വുഹാനിൽ അകപ്പെട്ടുപോയ ശ്രീലങ്കൻ വിദ്യാർഥികളെ മാതൃരാജ്യത്തേക്ക് തിരികെ കൊണ്ടുവന്നത് ആവശ്യമായ ക്വാറന്‍റൈൻ സംവിധാനങ്ങള്‍ പൂർത്തിയാക്കിയതിനു ശേഷം മാത്രമായിരുന്നു. മാർച്ച് 10ന് ചില ഇറ്റാലിയൻ വിനോദസഞ്ചാരികളിൽ നിന്ന് ശ്രീലങ്കയിലെ ഒരു ടൂറിസ്റ്റ് ഗൈഡിനു വൈറസ് ബാധിച്ചതിനെത്തുടർന്ന് ശ്രീലങ്കയിലെ കൊവിഡിന്‍റെ ആദ്യ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. മാർച്ച് 14 മുതൽ തന്നെ രാജ്യത്ത് സർക്കാർ കർഫ്യൂ, ലോക്ക് ഡൗൺ നടപടികൾ ഏർപ്പെടുത്തിയിരുന്നു. ഇത് വൈറസിന്‍റെ വ്യാപനം വലിയ അളവിൽ കുറയ്ക്കാന്‍ സഹായിച്ചു.
ബംഗ്ലാദേശ്: കടുത്ത ദാരിദ്ര്യം - രോഹിങ്ക്യൻ കുടിയേറ്റത്തിന്‍റെ ഭാരം
ബംഗ്ലാദേശിലെ ജനസംഖ്യ 16 കോടിയാണ്. രാജ്യത്ത് അടിയന്തരാവസ്ഥകള്‍ നേരിടാനായി ഏകദേശം 1,169 ഐസിയു കിടക്കകൾ ലഭ്യമാണ്. അതായത് ഒരു ലക്ഷം ആളുകൾക്ക് ഒരു കിടക്കയിൽ താഴെ മാത്രം. മറ്റൊരു 150 എണ്ണം ഈ മാസം അവസാനത്തോടെ സജ്ജമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 1,155% വർധനവോടെ കൊറോണ വൈറസ് അതിവേഗം രാജ്യത്ത് വ്യാപിക്കുകയാണ്. ഏഷ്യയിലെ വൈറസ് വ്യാപിക്കുന്നതിന്‍റെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബംഗ്ലാദേശില്‍ ആദ്യത്തെ കൊവിഡ് കേസ് മാർച്ച് എട്ടിന് റിപ്പോർട്ട് ചെയ്യപ്പെടുകയും ആദ്യത്തെ മരണം അതേ മാസം 18നും റിപ്പോര്‍ട്ട് ചെയ്‌തു.
മാർച്ച് മുതൽ ബംഗ്ലാദേശ് സർക്കാർ ലോക്ക് ഡൗൺ നടപ്പാക്കുകയാണ്. രാജ്യത്തിന്‍റെ പ്രധാന സമ്പദ്‌വ്യവസ്ഥയായ തുണി വ്യവസായത്തെ എല്ലാത്തരം നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 50,000ത്തിൽ താഴെ രോഗ നിര്‍ണയ പരിശോധനകൾ മാത്രമാണ് ഇതുവരെ ബംഗ്ലാദേശില്‍ നടത്തിയതെന്നും മരണസംഖ്യ യഥാർഥത്തിൽ പ്രഖ്യാപിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. മറുവശത്ത്, പത്ത് ലക്ഷത്തോളം രോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകൾ കൊവിഡ് സൂപ്പർ സ്പ്രെഡറുകളായി മാറുമെന്ന ആശങ്ക പൗരന്മാർക്കിടയിൽ ഉയർന്നുവരുന്നുണ്ട്.
മ്യാൻമർ
മ്യാൻമറിന്‍റെ അതിർത്തിയിലുള്ള ചൈനയും തായ്‌ലാൻഡും തങ്ങളുടെ രാജ്യങ്ങളിൽ വലിയ പ്രതിസന്ധി സാഹചര്യങ്ങൾ പ്രഖ്യാപിക്കുകയും, ധാരാളം പോസിറ്റീവ് കേസുകളും മരണസംഖ്യയും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും മ്യാൻമറിൽ വളരെ തുച്ഛമായ അളവിൽ മാത്രമേ കൊവിഡ് ബാധിതര്‍ ഉള്ളൂ എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സർക്കാർ വേണ്ടത്ര പരിശോധനകൾ നടത്തുന്നില്ലെന്നും കേസുകളുടെ എണ്ണം കാണിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ മ്യാന്‍മര്‍ സർക്കാർ തള്ളി. മാരകമായ വൈറസിന്‍റെ വ്യാപനത്തിൽ നിന്നും തങ്ങളുടെ ജീവിതശൈലി തങ്ങളെ സംരക്ഷിക്കുമെന്നാണ് മ്യാന്‍മര്‍ സർക്കാർ അവകാശപ്പെടുന്നത്.
മ്യാൻമറിൽ, ആളുകൾ പൊതുവെ പരസ്‌പരം കൈ കുലുക്കുകയോ പരസ്‌പരം കെട്ടിപ്പിടിക്കുന്നത് പ്രോത്സാഹിപ്പിക്കുകയോ കറൻസി നോട്ടുകൾ എണ്ണുമ്പോൾ നാവ് നനയ്ക്കുകയോ ചെയ്യാറില്ല. കൊവിഡിന് മുമ്പ് തന്നെ ഇത്തരമൊരു ജീവിതശൈലി അവരുടെ രാജ്യത്ത് നടക്കുന്നുണ്ടെന്ന് മ്യാന്‍മര്‍ സർക്കാർ ചൂണ്ടിക്കാണിക്കുന്നു. മ്യാൻമറിലെ ആദ്യത്തെ കേസ് മാർച്ച് 23ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രാദേശിക സർക്കാർ അതാത് ജില്ലയിൽ ലോക്ക് ഡൗൺ നടപ്പാക്കി. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ആളുകൾക്ക് സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങൾ മ്യാന്‍മര്‍ കേന്ദ്ര സർക്കാർ ഒരുക്കുന്നുണ്ട്.