ദിസ്‌പൂര്‍:അസമില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 40കാരനെ ലോഡ്‌ജ് മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിൽ നിന്ന് തിരികെ എത്തിയ ഇയാൾ ഏഴ് ദിവസത്തെ സ്ഥാപന ക്വാറന്‍റൈൻ പൂര്‍ത്തിയാക്കിയ ശേഷം ജൂൺ 19 മുതല്‍ ലോഡ്‌ജ് മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മുറിക്കുള്ളിലെ വെന്‍റിലേറ്റര്‍ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അസമില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാൾ ആത്മഹത്യ ചെയ്‌ത നിലയില്‍ - ആത്മഹത്യ
പശ്ചിമ ബംഗാളിൽ നിന്ന് തിരികെ എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജൂൺ 14ന് ചഗാലിയയിലെ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ വെച്ച് ഇയാളുടെ സാമ്പിൾ പരിശോധിച്ചിരുന്നു. അന്നത്തെ പരിശോധനാഫലം നെഗറ്റീവായിരുന്നെന്ന് ധുബ്രി സർക്കിൾ ഇൻസ്‌പെക്‌ടര്‍ ജോയ് ശങ്കർ ശർമ പറഞ്ഞു. സ്വർണപ്പണിക്കാരനായിരുന്ന ഇയാളുടെ ഭാര്യയും രണ്ട് മക്കളും പശ്ചിമ ബംഗാളിലാണ് താമസിക്കുന്നത്. അതേസമയം ഇയാളുടെ ചില ബന്ധുക്കൾ ധുബ്രിയിലുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ധുബ്രി സിവിൽ ആശുപത്രിയിലേക്ക് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.