ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ ഡല്‍ഹിയില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്‍റ് ശീതകാല, ബജറ്റ് സമ്മേളനങ്ങള്‍ ഒരുമിച്ച് നടത്താന്‍ സാധ്യത. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ രണ്ട് സെഷനുകള്‍ നടത്തുന്നതിന് പകരം ഒന്നായി നടത്താമെന്ന നിര്‍ദേശങ്ങളുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്‍റ് ശൈത്യകാല സമ്മേളനം സാധാരണയായി നവംബര്‍ അവസാന വാരമോ, ഡിസംബര്‍ ആദ്യവാരമോ ആണ് നടക്കുന്നത്. അതേ സമയം ജനുവരി അവസാന വാരമാണ് ബജറ്റ് സെഷന്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 1നാണ് കേന്ദ്ര ബജറ്റ് നടത്തുന്നത്. നേരത്തെ പാര്‍ലമെന്‍റ് മഴക്കാല സെഷന്‍ സെപ്‌റ്റംബര്‍ 24ന് നിശ്ചയിച്ചതിന് എട്ടു ദിവസം മുന്നേ അവസാനിപ്പിച്ചിരുന്നു. എംപിമാര്‍ക്കും പാര്‍ലമെന്‍റ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തിലായിരുന്നു തീരുമാനം. ഈ വര്‍ഷത്തെ ബജറ്റ് സെഷനും കൊവിഡ് ഭീഷണിയെത്തുടര്‍ന്ന് വെട്ടിച്ചുരുക്കിയിരുന്നു.
പാര്‍ലമെന്‍റ് ശീതകാല - ബജറ്റ് സമ്മേളനങ്ങള്‍ ഒരുമിച്ച് നടത്തിയേക്കും - Winter and Budget sessions of parliament
വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. രണ്ട് സെഷനുകള്‍ നടത്തുന്നതിന് പകരം ഒന്നായി നടത്താമെന്ന നിര്‍ദേശങ്ങളുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒരു വര്‍ഷത്തില്‍ മൂന്ന് സെഷനുകള്‍ നടത്തുകയെന്ന നിയമമില്ലെന്ന് മുന്‍ ലോക്‌സഭ സെക്രട്ടറി ജനറല്‍ പിഡിടി ആചാര്യ വ്യക്തമാക്കി. ഭരണഘടന പ്രകാരം രണ്ട് സെഷനുകള്‍ക്കിടയില്‍ ആറ് മാസത്തില്‍ കൂടുതല്‍ ഇടവേള പാടില്ല. രണ്ട് സെഷനുകള്‍ ഒരുമിച്ച് ചേര്‍ക്കുകയും വര്‍ഷത്തില്‍ രണ്ട് സെഷനുകള്‍ മാത്രം നടത്തുകയും ചെയ്‌താല്‍ അത് നിയമലംഘനമാവില്ലെന്ന് ആചാര്യ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ബുധനാഴ്‌ച ഡല്‍ഹിയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കായ 8593 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. വ്യാഴാഴ്‌ച 104 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. അഞ്ച് മാസത്തിനിടെയുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്.