ജയ്‌പൂര്‍: കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിൽ കുടുങ്ങി 1500 ഓളം ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികള്‍. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു് പിന്നാലെ വിമാനങ്ങൾ റദ്ദാക്കാൻ ഇന്ത്യാ ഗവൺമെന്‍റും തീരുമാനിച്ചതോടെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ മനിലയില്‍ കുടുങ്ങിയത്. രാജസ്ഥാനിൽ നിന്നുള്ള 200 ഓളം മെഡിക്കൽ വിദ്യാർഥികളും കുടുങ്ങിക്കിടക്കുകയാണെന്ന് വിദ്യാർഥികളിലൊരാളായ നിഖിൽ ഭക്കൽ മാധ്യമങ്ങളെ അറിയിച്ചു. ഇവരില്‍ പലരും നാട്ടിലേക്ക് പോകുന്നതിന് മാര്‍ച്ച് 18, 19 തീയതികളിലേക്ക് ടിക്കറ്റും എടുത്തിരുന്നതായി നിഖില്‍ പറഞ്ഞു. മാർച്ച് 17 മുതലാണ് ഫിലിപ്പീൻസിൽ നിന്ന് വരുന്ന എല്ലാ വിമാനങ്ങളും ഇന്ത്യൻ സർക്കാർ റദ്ദാക്കിയത്.
ഫിലിപ്പൈൻസില്‍ കുടുങ്ങി ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികള്‍
മലയാളികള്‍ ഉള്‍പ്പെടെ 1500 ഓളം ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളാണ് ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിൽ കുടുങ്ങി കിടക്കുന്നത്
"ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണ്. രാജ്യത്തേക്ക് മടങ്ങിയെത്താന്‍ ഞങ്ങളെ സഹായിക്കണം. പ്രധാനമന്ത്രി മോദി ജി, ആഭ്യന്തരമന്ത്രി അമിത് ഷാ ജി, എസ്. ജയ്‌ശങ്കർ ജി എന്നിവരോട് അഭ്യർഥിക്കുന്നു. വേണ്ടത്ര ഭക്ഷണം ഇല്ല. മുറികളില്‍ പൂട്ടിയിട്ടിരിക്കുന്നതിനാല്‍ പുറത്ത് ഇറങ്ങി ഭക്ഷണം വാങ്ങാനും കഴിയുന്നില്ല. സോഷ്യൽ മീഡിയ വഴി ഞങ്ങൾ ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്." നിഖില്‍ പറഞ്ഞു.
മലേഷ്യയിലും ഫിലിപ്പൈൻസിലും കുടുങ്ങി കിടക്കുന്ന നിരവധിപേര്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ട്വിറ്ററിലൂടെ അഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു പ്രതികരണവും വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ല.