മുംബൈ:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭക്തര്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചാല്‍ രാജ്യം സമാധാനപരമായി മുന്നോട്ടു പോകുമെന്ന് എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. മോദിയുടെ ട്വീറ്റിന് പിന്നാലെയാണ് നവാബ് മാലികിന്‍റെ പ്രതികരണം.
മോദി ഭക്തർ സോഷ്യൽ മീഡിയ ഉപേക്ഷിച്ചാല്‍ രാജ്യത്ത് സമാധാനമെന്ന്: എൻസിപി - prime minister modi
പ്രധാനമന്ത്രി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചുമാണ് പ്രതികരണങ്ങള്‍.
'മോദിയുടെ തീരുമാനം രാജ്യ താൽപ്പര്യത്തിന് അനുസരിച്ചായിരിക്കുമല്ലോ. ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു'. മോദി ക്വിറ്റ് സോഷ്യല്‍ മീഡിയ എന്ന ഹാഷ് ടാഗോടുകൂടിയാണ് മാലികിന്‍റെ ട്വീറ്റ്. അതേസമയം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കരുതെന്ന് ട്വിറ്ററില്‍ നിരവധി ആളുകള്‍ പ്രതികരണം അറിയിച്ചു.
സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ലോക നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി. ട്വിറ്ററിൽ 53.3 ദശലക്ഷവും ഫേസ്ബുക്കിൽ 44 ദശലക്ഷവും ഇൻസ്റ്റാഗ്രാമിൽ 35.2 ദശലക്ഷവും ഫോളോവേഴ്‌സ് ആണ് മോദിക്കുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്റർ ഹാൻഡിലില്‍ 32 മില്യൺ ഫോളോവേഴ്‌സ് ഉണ്ട്. 2019 സെപ്റ്റംബറിൽ മൈക്രോബ്ലോഗിംഗ് സൈറ്റില്‍ ഏറ്റവും കൂടുതൽ പിന്തുടരുന്ന മൂന്നാമത്തെ നേതാവായിരുന്നു പ്രധാനമന്ത്രി മോദി. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും അദ്ദേഹത്തിന്‍റെ മുൻഗാമിയായ ബരാക് ഒബാമയ്ക്കും പിന്നിൽ. ട്വിറ്ററിൽ 50 ദശലക്ഷം ഫോളോവേഴ്‌സ് മറികടന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രധാനമന്ത്രി.