അഞ്ച് കോടി കടന്ന് ഇന്ത്യയിലെ കൊവിഡ് പരിശോധന - ഇന്ത്യ കൊവിഡ് പരിശോധന
5,06,50,128 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം അഞ്ച് കോടി കഴിഞ്ഞതായി ഐസിഎംആർ അറിയിച്ചു. തിങ്കളാഴ്‌ച 10,98,621 സാമ്പിളുകളാണ് ഇന്ത്യയില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് രാജ്യത്ത് ഒരു കോടി കൊവിഡ് പരിശോധനകളാണ് നടന്നത്. ഓഗസ്റ്റ് മൂന്നാം ആഴ്‌ചയില്‍ ദൈനംദിന പരിശോധന ശരാശരി ഏഴ് ലക്ഷമായിരുന്നുവെങ്കില്‍ സെപ്‌റ്റംബറില്‍ ആദ്യ ആഴ്‌ചയില്‍ അത് പത്ത് ലക്ഷമായി ഉയർന്നു. വ്യക്തികൾക്ക് ആവശ്യാനുസരണം കൊവിഡ് പരിശോധനകൾ നടത്താൻ അനുമതി നല്‍കിയതായും ഐസിഎംആർ അറിയിച്ചു. നിലവില്‍ രാജ്യത്ത് 1035 സർക്കാർ പരിശോധന കേന്ദ്രങ്ങളും 633 സ്വകാര്യ പരിശോധന കേന്ദ്രങ്ങളുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 75,809 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ 42,80,423 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. 1133 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു.