ന്യൂഡൽഹി: കൊവിഡ് 19 ഭീതി പടര്‍ന്നു പിടിക്കുന്നതിനിടെ ടെഹറാനില്‍ കുടുങ്ങി പോയ 240 കശ്‌മീരി വിദ്യാര്‍ഥികള്‍ അടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ നല്‍കികൊണ്ട് ഇവരെ ഒഴിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുവാന്‍ തുടങ്ങി കഴിഞ്ഞു ഇന്ത്യയും ഇറാനും. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് മുന്‍പായി ഇന്ത്യന്‍ പൗരന്മാരുടെ പരിശോധനകള്‍ തങ്ങളുടെ നാട്ടില്‍ തന്നെ നടത്തുവാന്‍ ഇറാന്‍ നേരത്തെ തന്നെ സമ്മതിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് വിദഗ്‌ധർക്ക് ടെഹ്റാനിലേക്ക് യാത്ര ചെയ്യാനുള്ള വിസ ഇറാന്‍ നല്‍കുകയുണ്ടായി. ടെഹ്റാനിലെത്തി ആവശ്യമായ വൈദ്യ പരിശോധനകള്‍ നടത്താന്‍ ഇവര്‍ക്ക് അനുമതിയും നല്‍കി.
വൈദ്യ പരിശോധനകള്‍ നടത്തിയ സാമ്പിളുകള്‍ ഡല്‍ഹിയില്‍ എത്തികഴിഞ്ഞാല്‍ കൊവിഡ് 19 വൈറസ് ബാധിച്ചിട്ടില്ലാത്ത ഇന്ത്യന്‍ പൗരന്മാരെ ഉടനടി ഇന്ത്യയിലേക്ക് മടക്കി കൊണ്ടു വരും. വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചവരെ അല്ലെങ്കില്‍ അങ്ങനെ സംശയിക്കുന്നവരെ ഇറാനിയന്‍ ഗവണ്‍മെന്‍റ് ആരോഗ്യ മന്ത്രാലയം നിയോഗിച്ച ഏതെങ്കിലും ഒരു അത്യാധുനിക പ്രത്യേക വൈദ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.
'ഇന്ത്യയില്‍ നിന്ന് ഇറാനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കികൊണ്ടുള്ള ഡിജിസിഎ യുടെ ഫെബ്രുവരി 26-ന് ഉണ്ടായ പ്രഖ്യാപനം വന്ന് ഉടന്‍ തന്നെ മാനുഷികമായ പരിഗണനകള്‍ കണക്കിലെടുത്തു കൊണ്ടും പ്രശ്‌നത്തിന്‍റെ അടിയന്തിര സ്വഭാവം മനസ്സിലാക്കി കൊണ്ടും ഇരു രാജ്യങ്ങളിലും കുടുങ്ങി പോയ എല്ലാ പൗരന്മാരേയും ഉടനടി തന്നെ ഒഴിപ്പിക്കുന്നതിന് വേണ്ട ചുരുക്കം ചില ആശ്വാസ വിമാന സേവനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പൂര്‍ണ്ണ സമ്മതം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ അറിയിക്കുകയുണ്ടായി. ആരോഗ്യപരമായ പ്രോട്ടോക്കോളുകള്‍ എല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും ഇതെന്നും അവര്‍ അറിയിച്ചു''.