കൊവിഡ് പ്രതിരോധം; മുൻനിര തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ച് ഡൽഹി സിഖ് കമ്മിറ്റി - ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റി
ദേശീയ തലസ്ഥാനത്തുടനീളം സൗജന്യ കമ്മ്യൂണിറ്റി ഭക്ഷണം, ഗതാഗത സംബന്ധിയായ സേവനങ്ങൾ എന്നിവ നൽകുന്ന 2500 മുൻനിര തൊഴിലാളികൾക്കാണ് രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് സിഖ് കമ്മിറ്റി അറിയിച്ചത്
ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ മുൻനിരയില്‍ നിൽക്കുന്ന ജീവനക്കാർക്ക് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്‍റ് കമ്മിറ്റി (ഡിഎസ്‌ജിഎംസി) രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചു. ദേശീയ തലസ്ഥാനത്തുടനീളം സൗജന്യ കമ്മ്യൂണിറ്റി ഭക്ഷണം, ശുചിത്വം, ഗതാഗത സംബന്ധിയായ സേവനങ്ങൾ എന്നിവ നൽകുന്ന 2500 മുൻനിര തൊഴിലാളികൾക്കാണ് രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് പ്രസിഡന്‍റ് മഞ്ജിന്ദർ സിംഗ് സിർസ അറിയിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് ഡിഎസ്‌ജിഎംസി ഭവനരഹിതർക്ക് സൗജന്യ ഭക്ഷണവും ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ അഭയവും നൽകുന്നുണ്ട്. ഇൻഷുറൻസ് പദ്ധതിയിൽ ശുചിത്വ തൊഴിലാളികള്‍, ലങ്കർ തയ്യാറാക്കുന്ന പാചകക്കാർ, മതപ്രബോധകർ, സുരക്ഷാ ഉദ്യോഗസ്ഥർ, ഭക്ഷണം വിതരണം ചെയ്യുന്ന മറ്റ് മുൻനിര പ്രവർത്തകർ എന്നിവരും ഉൾപ്പെടും. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന 200 ഓളം ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവരുടെ താമസവും ഭക്ഷണ ആവശ്യങ്ങളും ഡിഎസ്‌ജിഎംസി പരിഗണിക്കുന്നുണ്ട്.