ന്യൂഡൽഹി:അതിഥി തൊഴിലാളികളെ വീടുകളിലെത്തിക്കുന്നതിനായി കൂടുതൽ ശ്രാമിക് സ്‌പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരുകളുടെ സഹകരണമാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ. തൊഴിലാളികളുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും പ്രാധാന്യം നൽകി ശ്രാമിക് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് വിപുലീകരിക്കുന്നതിനായി തയ്യാറാണെന്നും ഇതിനായി സംസ്ഥാനങ്ങളും സജ്ജീകരണങ്ങൾ ഒരുക്കണമെന്നും നാലാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപനം ഉണ്ടായതിന് തൊട്ടുപിന്നാലെ വീഡിയോ കോൺഫറൻസിംഗിലൂടെ ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് ജനറൽമാർ എന്നിവരുമായാണ് രാജീവ് ഗൗബ വീഡിയോ കോൺഫറൻസ് നടത്തിയത്.
ശ്രാമിക് ട്രെയിൻ സർവീസുകളുടെ വിപുലീകരണം; സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി - രാജീവ് ഗൗബ
പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിക്കുന്ന പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുകളെയും പൊലീസ് സൂപ്രണ്ടുകളെയും നിയമിക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അഭ്യർത്ഥിച്ചു

കേന്ദ്ര ആഭ്യന്തര സെക്രട്ടറി
പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിക്കുന്ന പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുകളെയും പൊലീസ് സൂപ്രണ്ടുകളെയും നിയമിക്കാൻ സംസ്ഥാന സർക്കാരുകളോട് അദ്ദേഹം അഭ്യർത്ഥിച്ചു. സ്വദേശത്തേക്ക് കാൽനടമാർഗം തെരഞ്ഞെടുക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റി, ശ്രാമിക് സ്‌പെഷ്യൽ ട്രെയിനുകളിൽ യാത്രാ സൗകര്യം ഒരുക്കണമെന്നും രാജീവ് ഗൗബ പറഞ്ഞു. സംസ്ഥാന സർക്കാരുകൾ തങ്ങളുടെ തീരുമാനം ഉടനടി അറിയിച്ചാൽ, റെയിൽവേയുടെ കൂടുതൽ സർവീസുകൾ ആരംഭിക്കാമെന്ന് ചർച്ചയിൽ പങ്കെടുത്ത റെയിൽവേ ബോർഡ് ചെയർമാനും വ്യക്തമാക്കി.