ഹൈദരാബാദ്:റിപ്പബ്ലിക്കിന്‍റെ 71-ാം വാര്‍ഷികത്തില്‍ നമ്മുടെ ഭരണഘടന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കുന്ന പിന്തുണ എത്രത്തോളം പ്രയോജനപ്പെടുത്തിയെന്ന് വിലയിരുത്തേണ്ടതാണ്. മൗലികാവകാശം അത്രത്തോളം പ്രസക്തമാണ്. മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം അല്ലെങ്കിൽ അവയിലേതെങ്കിലും കാരണങ്ങളാലുള്ള വിവേചനം ഭരണഘടന പ്രകാരം കുറ്റകൃത്യമാണ്.
സ്ത്രീകളുടേയും കുട്ടികളുടേയും പ്രത്യേക സംരക്ഷണത്തിനായി പ്രത്യേക വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ ആര്‍ട്ടിക്കിള്‍ 15(3) പ്രകാരം സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അധികാരം ഉണ്ട്.
രാജ്യം റിപ്പബ്ലിക്കായതിന്‍റെ ആദ്യ കാലഘട്ടത്തില്‍ തന്നെ സ്ത്രീകള്‍ക്കുള്ള തുല്യാവകാശവും നിലവില്‍ വന്നു. 1961ലാണ് മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടും സ്ത്രീധന നിരോധന നിയമവും പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ നിയമങ്ങള്‍ കൊണ്ടുവന്നതുകൊണ്ട് മാത്രം എല്ലാം നേരായി നടക്കണമെന്നില്ല. ഇന്ത്യന്‍ പീനല്‍ കോഡിലെ 304 ബി സ്ത്രീധനത്തിന്‍റെ പേരില്‍ മരിക്കുന്നത് ഗുരുതര കുറ്റമായി കണക്കാക്കുന്നു. നിയമം കൊണ്ടുവന്നെങ്കിലും ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിച്ചിട്ടുണ്ടോ എന്നത് പരിശോധനയ്ക്ക് വിധേയമാകണം. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകള്‍ പ്രകാരം ഓരോ മണിക്കൂറിലും സ്തീധനത്തിന്‍റെ പേരില്‍ മരണം സംഭവിക്കുന്നു. ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനും ജോലിസ്ഥലത്ത് സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതും തടയുന്നതിനും നിരോധിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള സമീപകാല നിയമങ്ങള്‍ ശരിക്കും ഫലപ്രദമായിട്ടുണ്ടോ? ഏറെക്കാലമായി ഈ നിയമങ്ങള്‍ അനിവാര്യമായ ഒന്നായിരുന്നു. ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള അവകാശങ്ങള്‍ ഉറപ്പിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് ഏറ്റവും പ്രധാനം.
ആര്‍ട്ടിക്കിള്‍ 25 പ്രകാരം 14 വയസിന് താഴെയുള്ള ഒരു കുട്ടിയെ അപകടകരമായ സ്ഥലങ്ങളിലോ മറ്റിടങ്ങളിലോ ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇതെല്ലാം ഉണ്ടെങ്കിലും പലപ്പോഴും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാറുണ്ടോ? ജുവനൈല്‍ ജസ്റ്റിസ് ആക്ട് പോലുള്ളവ കൊണ്ടുവന്നത് കുട്ടികളുടെ സംരക്ഷണം കണക്കാക്കി തന്നെയാണ്. പതിനാല് വയസുവരെ സൗജന്യ വിദ്യാഭ്യാസത്തിനുള്ള അവകാശം കുട്ടികള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്നു. എന്നാല്‍ യാഥാര്‍ഥ്യം ഭയപ്പെടുത്തുന്നതും നിരാശാജനകവുമാണ്. ബാലവേല ഇപ്പോഴും തുടരുന്നു. ആരോഗ്യ രംഗത്തെ സൗകര്യങ്ങളുടെ അപര്യാപ്‌തത ശിശു മരണ നിരക്ക് കൂട്ടുന്നു. നൂറു കണക്കിന് കുട്ടികളാണ് മതിയായ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങുന്നത്. എന്‍സിആര്‍ബി നല്‍കുന്ന കണക്കുകള്‍ പ്രകാരം പ്രതിദിനം 250ലധികം കുട്ടികളെ കാണാതാകുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമ്പോള്‍ കുട്ടിക്കുറ്റവാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നുണ്ടെങ്കിലും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യത്തില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. 2016നും 2018നും ഇടയില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചതായാണ് വിവരം. വിദ്യാഭ്യാസ അവകാശ നിയമം ഏകദേശം ഒമ്പത് വർഷം മുമ്പാണ് നടപ്പാക്കിയത്. ഈ നിയമപ്രകാരം ആനുകൂല്യങ്ങൾ നൽകി, പക്ഷേ അവ എത്രത്തോളം ആണെന്നും ഏതൊക്കെയെന്നും വിലയിരുത്തേണ്ടതുണ്ട്.
അടിസ്ഥാന സൗകര്യങ്ങളും യോഗ്യതയുള്ള അധ്യാപകരുടെ അഭാവവും പല കുട്ടികൾക്കും നിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന അവകാശം നിഷേധിച്ചു. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മള്‍ എന്തുനേടി. എന്തുകൊണ്ടാണ് പരാജയങ്ങള്‍ സംഭവിച്ചത്. ഇതിനുള്ള പരിഹാരങ്ങള്‍ എന്തൊക്കെ? ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്.
തങ്ങൾക്ക് അവകാശങ്ങളുണ്ടെന്ന് സ്ത്രീകൾ പണ്ടേ തിരിച്ചറിഞ്ഞതാണ്. എന്നാല്‍, എന്നാൽ ഇപ്പോൾ ഈ അവകാശങ്ങൾ ഉറപ്പിക്കുകയാണ് സ്ത്രീകള്‍. തുല്യതയുടേയും അന്തസിന്‍റെയും അടിസ്ഥാനത്തില്‍ ഭരണഘടന സ്ത്രീകള്‍ക്ക് പൂര്‍ണ പിന്തുണയും സംരക്ഷണവുമാണ് നല്‍കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി നടപ്പാക്കിയതും രൂപപ്പെടുത്തിയതുമായ നിയമങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിനെക്കുറിച്ച് ഒരു സോഷ്യൽ ഓഡിറ്റ് നടത്തേണ്ടതുണ്ട്. വരുന്ന ദശകത്തിൽ സ്ത്രീകളുടെയും കുട്ടികളുടേയും അവകാശങ്ങള്‍ കൈവരിക്കുന്നതിന് നാം ജനാധിപത്യപരമായ രീതിയിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.