ബെംഗളൂരു: ജനതാദള്‍ എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയുടെ പ്രസ്‌താവനക്കെതിരെ വിമര്‍ശനവുമായി കര്‍ണാടക കോണ്‍ഗ്രസ്. 'കുതിരക്കച്ചവടത്തിന്‍റെ മറ്റൊരു പേരാണ് കോണ്‍ഗ്രസ്' എന്നായിരുന്നു കഴിഞ്ഞ ദിവസം കുമാരസ്വാമി പറഞ്ഞത്. മറ്റ് പാര്‍ട്ടികളുടെ നിയമസഭാംഗങ്ങള്‍ ഭരണകക്ഷിയില്‍ ചേര്‍ന്ന് ഭരണസ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതും ഓപ്പറേഷന്‍ ലോട്ടസിലൂടെ ഭരണത്തെ തകര്‍ക്കുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതിരിക്കാനും മാത്രം നിഷ്‌കളങ്കനാണോ കുമാരസ്വാമിയെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്‌തു. 14 മാസം മാത്രം നീണ്ടു നിന്ന കോണ്‍ഗ്രസ്-ജെഡിയു സഖ്യം തകര്‍ന്നത് വിമത എംഎല്‍എമാര്‍ വിശ്വാസവോട്ടെടുപ്പില്‍ പ്രതികൂലമായി വോട്ട് ചെയ്‌തതിനാലാണ്. തുടര്‍ന്ന് കര്‍ണാടകയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപിയുടെ ബിഎസ് യെദ്യൂരപ്പ എത്തുകയായിരുന്നു.
കുമാരസ്വാമിയുടെ പ്രസ്‌താവനക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് - HD Kumaraswamy
'കുതിരക്കച്ചവടത്തിന്‍റെ മറ്റൊരു പേരാണ് കോണ്‍ഗ്രസ്' എന്നായിരുന്നു കഴിഞ്ഞ ദിവസം കുമാരസ്വാമി കോണ്‍ഗ്രസിനെ വിമര്‍ശിച്ചു കൊണ്ട് പറഞ്ഞത്.
രാജസ്ഥാനില്‍ ആറ് ബിഎസ്‌പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നലെ കുമാരസ്വാമിയുടെ വിമര്‍ശനം. പാര്‍ട്ടികളെ തമ്മില്‍ വിഭജിക്കാനും എംഎല്‍എമാരെ വാങ്ങാനും കോണ്‍ഗ്രസ് വിദഗ്‌ധരാണെന്നും കുമാരസ്വാമി പറഞ്ഞു. താങ്കള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെ ധാര്‍മികത നല്ലതാണെന്ന് തോന്നിയില്ലേയെന്നും സംസ്ഥാനം പ്രതിസന്ധിയിലായിരിക്കുമ്പോള്‍ താങ്കളുടെ പാര്‍ട്ടിയുടെ ധാര്‍മികത എന്താണെന്നും കോണ്‍ഗ്രസ് ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി സേവ് ഡെമോക്രസി എന്ന പേരില്‍ പ്രതിഷേധം നടത്തവെയാണ് കുമാരസ്വാമിയുടെ പ്രസ്‌താവന. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ അഭിപ്രായഭിന്നതകള്‍ ആരംഭിച്ചതോടെ കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തിരുന്നു. തുടര്‍ന്ന് സച്ചിന്‍ പൈലറ്റിന് സ്ഥാനം നഷ്‌ടമാകുകയും ചെയ്‌തിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാനായി ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ബിജെപി ആരോപണം നിഷേധിച്ചു.