ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് ബിജിപിയോട് പക്ഷപാതപരമായി സമീപിക്കുന്നതായി ആരോപണം. വിഷയത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ചൊവ്വാഴ്ച ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് കത്തയച്ചു. “ഫേസ്ബുക്കിന്‍റെ വിദ്വേഷ പ്രചരണങ്ങൾ ഇന്ത്യൻ രാഷ്ട്രീയവുമായി കൂട്ടിയിടിക്കുമ്പോൾ” എന്ന തലക്കെട്ടിൽ വാൾസ്ട്രീറ്റ് ജേണൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിനെത്തുടർന്നാണ് ഫേസ്ബുക്കിനെതിരെ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയത്.
ഇന്ത്യൻ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ ഇടപെടുന്നതിനെതിരെ ഭയങ്കരവും ഗുരുതരവുമായ ആരോപണമാണ് ഫേസ്ബുക്കിന് നേർക്ക് ഉയർന്നിരിക്കുന്നതെന്ന് വേണുഗോപാൽ കത്തിൽ എഴുതി. ഫേസ്ബുക്ക് ഇന്ത്യ വക്താവ് ആൻഡി സ്റ്റോണിന്‍റെ വ്യക്തമായ പക്ഷപാതങ്ങളെ കുറിച്ചും അദ്ദേഹം കത്തിൽ വ്യക്തമാക്കി. വാൾസ്ട്രീറ്റ് ജേണലിന്‍റെ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം വിദ്വേഷ പോസ്റ്റുകൾ പിൻവലിച്ച ഫേസ്ബുക്ക് ഇന്ത്യയുടെ നടപടിയെ കോൺഗ്രസ് നേതാവ് വിശേഷിപ്പിച്ചത് “കുറ്റം ഏറ്റുപ്പറച്ചിൽ” എന്നാണ്.