എന്തുകൊണ്ടാണ് കോൺഗ്രസ് ഇത്തരത്തിൽ കുഴപ്പത്തിലായതെന്നാണ് നിങ്ങൾ കരുതുന്നത്?
2024ൽ കോൺഗ്രസിനെ നയിക്കാൻ മികച്ച ഒരു നേതാവ് പാർട്ടിക്കില്ല എന്നതാണ് ഒരു കാരണം. പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യത്തിന്‍റെ അഭാവവുമുണ്ട്. അത് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി)യുടെ പ്രധാന ഘടനയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഉത്തരവാദിത്തം ഏറ്റെടുത്ത് മികച്ച രീതിയിൽ പാർട്ടിയെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു വ്യക്തി ആരാണെന്ന് ജനങ്ങൾക്ക് അറിയില്ല. സംഘടനാ ബലഹീനതയും നേതൃത്വശൂന്യതയും പാർട്ടിക്കുള്ളിലെ പ്രത്യയശാസ്ത്ര ആശയക്കുഴപ്പവും; ഈ മൂന്ന് ഘടകങ്ങളും പാർട്ടിയിലെ പ്രശ്‌നങ്ങളുടെ പ്രധാന ഭാഗങ്ങളാണ്. സംസ്ഥാന നേതാക്കളെ കൂടുതൽ പ്രോത്സാഹിപ്പിച്ചു കൊണ്ട് പാർട്ടിക്കുള്ളിൽ ഊർജ്ജസ്വലമായ, ആഭ്യന്തര ജനാധിപത്യമൊരുക്കുകയാണ് വേണ്ടത്.
ഈ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദികൾ?
പ്രതിരോധം എപ്പോഴും മുകൾതട്ടിൽ നിന്നാണ്. അതിനാൽ, കോൺഗ്രസ് പ്രസിഡന്‍റിന്‍റെയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെയും ഉത്തരവാദിത്തമായിരിക്കണം. പാർട്ടിയിൽ ഒഴുക്ക് അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ ഒരുമിച്ച് നിന്ന് ഞങ്ങളോട് പറയണം. ശരിക്കും പറഞ്ഞാൽ, ഇത് ബിജെപിയുടെ ജോലിയെ അനായാസമാക്കുകയാണ്.
നേതൃത്വ വിഷയം ചർച്ച ചെയ്യുന്നതിനായി സിഡബ്ല്യുസി യോഗം ചേർന്നു. എന്നാൽ, വീണ്ടും തൽസ്ഥിതി തുടരുകയാണ്?
23 മുതിർന്ന നേതാക്കൾ ഉന്നയിച്ച വിഷയങ്ങൾ പാർട്ടി അവഗണിക്കുകയാണെങ്കിൽ, അത് സ്വയം അപകടം ക്ഷണിച്ചുവരുത്തുകയാണ്. രാഷ്ട്രീയപരമായി വലിയ അർത്ഥമുള്ള, നന്നായി ആവിഷ്‌കരിച്ച ശുപാർശകളായിരുന്നു അവ. ചില മുതിർന്ന നേതാക്കളിൽ നിന്നും യുവ നേതാക്കളിൽ നിന്നുമാണ് ഈ ശുപാർശകൾ വന്നതെന്നതും പാർട്ടിക്കുള്ള വ്യക്തമായ സന്ദേശമാണ്. ഇനിയും ഇതിൽ മാറ്റം വന്നില്ലെങ്കിൽ പാർട്ടി സ്വയം അതിന്‍റെ മരണക്കുറിപ്പ് രചിക്കുകയാണെന്ന് പറയേണ്ടി വരും.
കോൺഗ്രസിൽ ഇത്തരത്തിലുള്ള വിമതർ കൂടുതൽ ഉണ്ടോ?
ഞാൻ അവരെ വിമതർ എന്ന് വിളിക്കില്ല. അവരെ പാർട്ടിയുടെ ജനാധിപത്യ ശബ്ദങ്ങൾ എന്നാണ് ഞാൻ അഭിസംബോധന ചെയ്യുക. പ്രത്യയശാസ്ത്രപരമായി കോൺഗ്രസിനോട് പ്രതിബദ്ധതയുള്ളവരും പാർട്ടിയുടെ ആശയങ്ങളെ വികാരാധീതമായി നയിക്കുന്നതും ഇവരാണ്. കോൺഗ്രസിന് മാത്രമേ ബിജെപിയെ മറികടക്കാൻ കഴിയൂ എന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു. കത്തിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങളെ പിന്തുണയ്ക്കുന്ന 300ഓളം നേതാക്കൾ പാർട്ടിയിലുണ്ട്.
കോൺഗ്രസ് സജീവമായി തുടരാൻ എന്തുചെയ്യണം?
സജീവവും താഴേത്തട്ടിൽ നിന്ന് പ്രവർത്തിക്കുന്നതുമായ ഒരു കോൺഗ്രസ് പ്രസിഡന്‍റിനെ നിയമിക്കണം. പാർട്ടിപ്രവർത്തകരെ സ്വാധീനിക്കാനും സമ്മതിദായകരെ പ്രചോദിപ്പിക്കാനും ബിജെപിയോട് പോരാടാനും അതുവഴി കോൺഗ്രസിനോട് അഭിനിവേശം ജനിപ്പിക്കാനും പ്രചോദിപ്പിക്കാനും കഴിവുള്ള ഒരാൾ. നിലവിൽ, കോൺഗ്രസ് പാർട്ടി പ്രവർത്തകർ നിരുത്സാഹ അവസ്ഥയിലാണുള്ളത്. കോൺഗ്രസിന് ഒരു ദർശനം സൃഷ്ടിക്കാൻ സഹായിക്കുന്ന ഒരു നേതാവിനെയാണ് ഇപ്പോൾ ആവശ്യം. തുടർന്ന് പാർട്ടിയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക, അതിനായി അശ്രാന്തം പരിശ്രമിക്കുക. വ്യവസായവും വാണിജ്യപരവുമായ മേഖലകളിലും മാധ്യമങ്ങളുമായും ഇടപഴകാനും വിദ്യാസമ്പന്നരായും മധ്യവർഗവുമായും ഇടപഴകാൻ സന്നദ്ധരായ നിരവധി ആളുകൾ ഉണ്ട്.
രാഹുൽ ഗാന്ധി ഉടൻ കോൺഗ്രസ് പ്രസിഡന്‍റായി തിരിച്ചെത്തുമെന്ന് സൂചനയുണ്ട്. അദ്ദേഹം ഈ സ്ഥാനത്തേക്ക് അനുയോജ്യനാണോ?
കോൺഗ്രസിന്‍റെ നേതാവാകാൻ ആഗ്രഹിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പരസ്യമായി അറിയിച്ചിട്ടുണ്ട്. ഗാന്ധി- ഇതര കോൺഗ്രസ് മേധാവിയെ പാർട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് നിയമിക്കണമെന്ന രാഹുലിന്‍റെ വീക്ഷണത്തെ പ്രിയങ്ക ഗാന്ധിയും പിന്തുണച്ചിരുന്നു. സോണിയ ഗാന്ധി ഇടക്കാല പാർട്ടി പ്രസിഡന്‍റ് മാത്രമാണ്. അതിനാൽ കോൺഗ്രസ് പ്രസിഡന്‍റ് എന്ന തരത്തിലുള്ള രാഷ്ട്രീയ അധികാരത്തിനായി താൽപര്യമില്ലെന്നാണ് ഗാന്ധി കുടുംബത്തിൽ നിന്നും വ്യക്തമാക്കുന്നത്. പാർട്ടി ഭരണഘടനയനുസരിച്ച് നടക്കുന്ന സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ സിഡബ്ല്യുസി ഉടൻ ഒരു പുതിയ കോൺഗ്രസ് പ്രസിഡന്‍റിനെ നിയമിക്കണം.
കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിന് നിങ്ങൾ സാധുവായ ചില കാര്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും അത് നിരാകരിക്കപ്പെട്ടു. ഇനിയും എന്തെങ്കിലും പ്രതീക്ഷയുണ്ടോ?
ഞാൻ ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകുന്നു. പാർട്ടിക്ക് അതിശയകരമായ ചരിത്രമുണ്ട്. അതിന് കഴിവും പ്രത്യയശാസ്ത്രവുമുണ്ട്. നിർഭാഗ്യവശാൽ, ഇപ്പോൾ നിഷ്ക്രിയ അവസ്ഥയിലാണ് കോൺഗ്രസ്. ഞങ്ങളുടെ പ്രകടനത്തിന് വോട്ടർമാരെ പ്രചോദിപ്പിക്കാൻ സാധിച്ചില്ല. അതുകൊണ്ടാണ് ജനങ്ങൾക്ക് കോൺഗ്രസിലുള്ള വിശ്വാസം നഷ്ടമായത്. എന്നാൽ, അടിത്തറയുള്ള സമീപനമാണ് പാർട്ടിക്ക് ആവശ്യമായുള്ളത്. താഴേത്തട്ടിൽ നിന്നും മുകളിലേക്കാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത്. അതേ സമയം, വ്യത്യസ്തമായ പ്രത്യയശാസ്ത്രത്തെയും ഭരണ മാതൃകയുമാണ് ബിജെപി പ്രതിനിധീകരിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന ഒരേയൊരു ശക്തമായ ദേശീയ പാർട്ടി കോൺഗ്രസ് മാത്രമാണ്. അതിനാൽ തന്നെ, ബിജെപിയ്ക്ക് ബദലായി ഒരു വിവരണം കോൺഗ്രസ് വികസിപ്പിക്കണം.- രാജ്യം ഭരിക്കാനുള്ള അവസരം വീണ്ടെടുത്ത് ജനങ്ങളെ പ്രചോദിപ്പിക്കണം.
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾക്ക് കോൺഗ്രസിൽ ഫലപ്രദമായ നേതൃത്വം നൽകാൻ കഴിയുമോ?
എന്നെ സംബന്ധിച്ചിടത്തോളം ഒരു വ്യത്യാസവുമില്ല. ഓരോ വ്യക്തിയും അയാളുടെ ശക്തി, ശൈലി, തന്ത്രം എന്നിവയാണ് അവതരിപ്പിക്കുന്നത്. കോൺഗ്രസിന് വേണ്ടത് ഒരു പുതിയ കാഴ്‌ചപ്പാടാണ്. ഒപ്പം ശക്തമായ ഒരു രൂപരേഖയും. നിങ്ങൾ മറ്റൊരാൾക്ക് അവസരം നൽകുന്നില്ലെങ്കിൽ, അവർ കഴിവുള്ളവരാണെന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലാക്കാനാകും.