ന്യൂഡല്‍ഹി:രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി മടങ്ങിവരണമെന്ന ആവശ്യമുയര്‍ത്തി കോൺഗ്രസ് എംപിമാര്‍. നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച ചേര്‍ത്ത വെർച്വൽ യോഗത്തിലാണ് എംപിമാര്‍ ആവശ്യം ഉയര്‍ത്തിയത്.
എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്‍റോ ആന്‍റണി (കേരളം), മണികം ടാഗോർ (തമിഴ്‌നാട്), ഗൗരവ് ഗോഗോയ്, അബ്ദുൽ ഖലേക്ക് (അസം), മുഹമ്മദ് ജാവേദ് (ബിഹാർ), സപ്തഗിരി ശങ്കർ ഉലക (ഒഡിഷ) എന്നിവരുൾപ്പെടെ നിരവധി പാർട്ടി എംപിമാർ യോഗത്തിൽ ആവശ്യം ഉന്നയിച്ചു. അതേസമയം വയനാട് എംപിയായ രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുത്തെങ്കിലും ഈ വിഷയത്തില്‍ പ്രതികരിച്ചില്ല.
കഴിഞ്ഞ മാസം നടന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ രാഹുൽ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവരണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ ബൂത്ത് തലം മുതൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) തലം വരെ അടിയന്തരമായി പുനരുജ്ജീവനം ആവശ്യമാണെന്ന് മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ സിങ് ശനിയാഴ്ച ട്വീറ്റ് ചെയ്‌തിരുന്നു. 'സോണിയാജിയുടെയും രാഹുൽജിയുടെയും പ്രിയങ്കാജിയുടെയും മുമ്പിലുള്ള വെല്ലുവിളിയാണിത്. അവർ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. കോൺഗ്രസ് പാര്‍ട്ടിയിലെ മുഴുവൻ ആളുകളും നിങ്ങളുടെ പിന്നില്‍ അണിനിരന്നിരിക്കുന്നു. നിങ്ങൾ ആവശ്യപ്പെടുന്ന എന്ത് ത്യാഗവും ചെയ്യാൻ തയ്യാറാണ്. അതിനാൽ രാഹുൽജി ദയവായി നിങ്ങൾ ഞങ്ങളെ നയിക്കുക' ദിഗ്‌വിജയ സിങ് ട്വിറ്ററില്‍ കുറിച്ചു.
നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും താൻ അടുത്തിടെയൊന്നും അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരില്ലെന്ന സൂചനയാണ് രാഹുല്‍ ഗാന്ധി നല്‍കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെത്തുടർന്നാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഇതേതുടര്‍ന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 10ന് സോണിയ ഗാന്ധി പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റിരുന്നു.