ഗാന്ധിനഗര്‍: കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയില്‍ സമര്‍പ്പിച്ച പരാതിയില്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളും പ്രതിബാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അമിത് ഷാ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്. കശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന 370ാം അനുച്ഛേദം നീക്കം ചെയ്യുന്നതിനെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വാദങ്ങളാണ് ഇപ്പോള്‍ പാകിസ്ഥാനും ഉയര്‍ത്തുന്നത്. രാജ്യത്തിനെതിരായി രാഹുലിന്‍റെ പ്രസ്താവനകള്‍ ഉപയോഗിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജിക്കണമെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തിലെ സില്‍വാസയില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയതായിരുന്നു അദ്ദേഹം.
പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതുടര്‍ന്ന് കശ്മീരില്‍ ജനങ്ങള്‍ ആക്രമിക്കപ്പെടുകയാണെന്നും കൊല്ലപ്പെടുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയാണ് പാകിസ്ഥാന്‍ പരാതിയില്‍ പരാമര്‍ശിച്ചത്. അതേ സമയം കശ്മീരില്‍ സമാധാനാന്തരീക്ഷമാണെന്നും പ്രദേശത്ത് അക്രമമോ വെടിവയ്പ്പോ നടന്നിട്ടില്ലെന്നും ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിന്‍റെ വികസനം ലക്ഷ്യമിട്ടാണ് പ്രത്യേക പദവി എടുത്തു കളഞ്ഞത്. 70 വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്ന് തലമുറകള്‍ കേന്ദ്രത്തില്‍ ഭരണം കയ്യാളി. എന്നാല്‍ ആര്‍ക്കും 370ാം അനുച്ഛേദം നീക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്തരമൊരു തീരുമാനം നരേന്ദ്ര മോദിക്ക് മാത്രമാണ് എടുക്കാന്‍ കഴിയുകയെന്നും അമിത് ഷാ പറഞ്ഞു.