ചണ്ഡിഗഡ്:കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന്ന ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജിന്‍റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് അശോക് അറോറ. ഹരിയാന വിജിന്‍റെ സ്വത്തല്ലെന്നും ഒരോരുത്തരും ആഗ്രഹിക്കുന്നിടത്ത് സംസാരിക്കാനും യാത്ര ചെയ്യാനും ജനാധിപത്യ വ്യവസ്ഥയിൽ അവകാശമുണ്ടെന്നും അശോക് അറോറ പറഞ്ഞു.
കർഷകർക്ക് കോൺഗ്രസ് പൂർണ പിന്തുണ നൽകുന്നുണ്ടെന്നും ബിജെപി ഒരു ഫാസിസ്റ്റ് പാർട്ടി ആയതിനാൽ ബിജെപിയ്ക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും അറോറ കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ കുരുക്ഷേത്ര ജില്ല സന്ദർശനത്തെക്കുറിച്ച് സംസാരിച്ച അശോക് അറോറ, രാഹുൽ ഗാന്ധിയുടെ സന്ദർശന സമയം നിശ്ചയിച്ചിട്ടില്ലെന്നും ഡൽഹിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സമയം തീരുമാനിക്കുമെന്നും പറഞ്ഞു. തന്‍റെ യോഗ്യതയില്ലാത്ത മകനെ നുണകളുടെ സഹായത്തോടെ പ്രധാനമന്ത്രിയാക്കാൻ കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ സംസ്ഥാന പ്രസിഡന്‍റ് ഒ പി ധങ്കറിനെയും അറോറ വിമർശിച്ചു. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി ഒക്ടോബർ മൂന്ന് മുതൽ അഞ്ച് വരെ പഞ്ചാബിലും ഹരിയാനയിലും ട്രാക്ടർ റാലികൾ നടത്തുമെന്ന് കോൺഗ്രസ് അറിയിച്ചു.
ഒക്ടോബർ അഞ്ചിന് ദുദാൻ സാധനിൽ നിന്ന് (പട്യാല) പൊതുയോഗത്തോടെ പ്രതിഷേധ റാലി ആരംഭിക്കും, തുടർന്ന് ട്രാക്ടറുകൾ 10 കിലോമീറ്റർ സഞ്ചരിച്ച് പെഹോവ അതിർത്തിയിൽ എത്തും. അവിടെ നിന്ന് രാഹുൽ ഗാന്ധി ഹരിയാനയിൽ പ്രവേശിക്കുമെന്ന് കോൺഗ്രസ് വക്താവ് പറഞ്ഞു.
ഒക്ടോബർ അഞ്ചിന് ദേശീയപാതയിലൂടെ കുരുക്ഷേത്ര ജില്ലയിലെ കൈതാൽ, പിപ്ലി എന്നിവിടങ്ങളിലെ റാലികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കുമെന്ന് ഹരിയാന കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിഷേധങ്ങൾക്ക് ശേഷം അദ്ദേഹം ഡൽഹിയിലെക്ക് മടങ്ങും.