ന്യൂഡല്‍ഹി: ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ റിയാസ് നായികുവിനെ ഉൻമൂലനം ചെയ്‌ത സുരക്ഷാ സേനയെ പ്രശംസിച്ച് കോൺഗ്രസ്. നിരപരാധികളായ മനുഷ്യരെ കൊല്ലുന്ന തീവ്രവാദികൾക്ക് ശിക്ഷ ലഭിക്കാതെ പോകരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
റിയാസ് നായികുവിന്‍റെ വധം; സുരക്ഷാ സേനയെ പ്രശംസിച്ച് കോൺഗ്രസ് - രൺദീപ് സുർജേവാല
ഹിസ്ബുൾ മുജാഹിദീൻ എന്ന ഭീകര സംഘടനയുടെ തലവനും കശ്‌മീരിലെ കൊടും ഭീകരൻമാരില്‍ ഒരാളുമാണ് റിയാസ് നായികു. ഇയാളുടെ തലക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്നു.
കൊവിഡ് പശ്ചാത്തലത്തിലും ഇസ്ലാമിക് സ്റ്റേറ്റും പാകിസ്ഥാൻ സർക്കാരും ഇന്ത്യയിലേക്ക് അയക്കുന്ന തീവ്രവാദികളെ നേരിടുന്ന ധീരരായ സൈനികരെയും മുഴുവൻ സായുധ സേനയെയും പാർട്ടി അഭിനന്ദിക്കുന്നുവെന്ന് കോൺഗ്രസ് ചീഫ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. പാകിസ്ഥാനും ഇസ്ലാമിക് സ്റ്റേറ്റും തീവ്രവാദികളെ ഇന്ത്യയിലേക്ക് അയക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. നമ്മുടെ സായുധ സേന ഭീകരതയെ തകർക്കുന്നതോര്‍ത്ത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ സൈനികരെയും അവരുടെ വീര്യത്തെയും അഭിവാദ്യം ചെയ്യുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്‌തു.
ഹിസ്ബുൾ മുജാഹിദീന്‍റെ ടോപ് കമാൻഡറായ റിയാസ് നായികൂവിനെ സ്വദേശമായ പുല്‍വാമയിലെ ബീഗ്‌പോറ ഗ്രാമത്തില്‍ വെച്ചാണ് സുരക്ഷസേന കൊലപ്പെടുത്തിയത്. ആക്രമണത്തെ തുടര്‍ന്ന് കശ്‌മീരിലെ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങൾ താല്‍കാലികമായി നിര്‍ത്തിവെച്ചു. തലക്ക് 12ലക്ഷം രൂപ വിലയിട്ടിരുന്ന തീവ്രവാദിയെയാണ് ഇന്ത്യന്‍ സൈന്യം കൊന്നൊടുക്കിയത്.