ദേശിയ പൗരത്വ രജിസ്റ്റർ ; ആരോപണവുമായി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്
പോരാട്ടം രാഷ്ട്രീയമല്ലെന്നും ഇന്ത്യയിലെ ഓരോ പൗരന്റെയും അവകാശങ്ങളെ സംരക്ഷിക്കുന്നതിനാണെന്നും സിംഗ് കൂട്ടിച്ചേർത്തു .
ഭോപാൽ: ദേശിയ പൗരത്വ രജിസ്റ്ററിൽ ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് രംഗത്ത്. ബിജെപി നേതാവ് ജഗത് പ്രകാശ് നദ്ദയോട് ''ദേശിയ പൗരത്വ രജിസ്റ്റർ തന്റെ പാർട്ടി രാജ്യവ്യാപകമായി നടപ്പാക്കാൻ പോകുന്നില്ലേ? '' എന്ന് പരിഹാസ രൂപേണ ചോദിച്ചു കൊണ്ടാണ് സിംഗ് രംഗത്ത് വന്നത്. ഉത്തരത്തിനായി താൻ കാത്തിരിക്കുകയാണെന്നും എന്തു കൊണ്ടാണ് നദ്ദ ഒളിച്ചിരിക്കുന്നതെന്നും സിംഗ് ചോദിച്ചു. അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കിൽ എൻആർസി നടപ്പാക്കുമെന്ന് അദ്ദേഹം പറയണം. ഞങ്ങളുടെ പോരാട്ടം രാഷ്ട്രീയമല്ലെന്നും ഇന്ത്യയിലെ ഓരോ പൗരന്റെയും അവകാശങ്ങളെ സംരക്ഷിക്കുന്നതിനാണെന്നും സിംഗ് കൂട്ടിച്ചേർത്തു . ജനങ്ങളോട് ജനന സർട്ടിഫിക്കറ്റ് വരെ നൽകാൻ ആവശ്യപ്പെട്ട മോദിജിക്ക് വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നൽകാൻ കഴിയുന്നില്ലെന്നും ആദ്ദേഹം ആരോപിച്ചു.