ന്യൂഡല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. വ്യാഴാഴ്‌ച വൈകിട്ട് നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് പിന്നാലെ സ്ഥാനാര്‍ഥികളുടെ പട്ടിക തയാറായിട്ടുണ്ടെന്നും വെള്ളിയാഴ്‌ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി ഡല്‍ഹി അധ്യക്ഷന്‍ സുഭാഷ് ചോപ്ര അറിയിച്ചിരുന്നു. ഭൂരിഭാഗം സീറ്റുകളിലും ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് സുഭാഷ് ചോപ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ പല സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്‌തമായിട്ടുണ്ട്.
ഡല്‍ഹി തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും
പൂര്‍ണമായ പട്ടിക പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ നിര്‍ത്താനുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്
ഹൈക്കമാന്‍ഡാണ് സ്ഥാനാര്‍ഥി പട്ടികയ്‌ക്ക് രൂപം നല്‍കിയതെന്നും, മറ്റ് ചുമതലകള്‍ ഉള്ളതിനാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും സുഭാഷ് ചോപ്ര വ്യക്‌തമാക്കി. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ ആര് മത്സരിക്കുമെന്നതിലും അന്തിമ തീരുമാനമുണ്ടായിട്ടില്ല. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഗാന്ധി നഗര്‍ സീറ്റില്‍ അരവിന്ദ് ലൗലി മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. മകള്‍ക്ക് സുഖമില്ലാത്തതിനാല്‍ അമേരിക്കയിലേക്ക് പോയ അജയ് മാക്കനും ഇത്തവണ സ്ഥാനാര്‍ഥി പട്ടികയിലുണ്ടാകില്ല. അതേസമയം യുവാക്കള്‍ക്കും പട്ടികയില്‍ സ്ഥാനം ലഭിക്കുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്.
സഖ്യകക്ഷിയായ ആര്‍ജെഡിക്ക് നാല് സീറ്റ് നല്‍കാനാണ് ധാരണയായിരിക്കുന്നത്. ബാക്കി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പിസി ചാക്കോ. അഹമ്മദ് പട്ടേല്‍,കെസി വേണുഗോപാല്‍, സുഭാഷ് ചോപ്ര എന്നിവരടങ്ങുന്ന കമ്മിറ്റി തീരുമാനിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് 70 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി പതിനൊന്നിനാണ് വോട്ടെണ്ണല്‍. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 70ല്‍ 61 സീറ്റുകള്‍ നേടിയാണ് ആംആദ്‌മി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.