ന്യൂഡല്‍ഹി: ഡൽഹി കോൺഗ്രസിന്‍റെ ചുമതലയിൽ നിന്ന് എഐസിസി സെക്രട്ടറി പിസി ചാക്കോ രാജിവച്ചു. പിസി ചാക്കോയുടെ രാജി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സ്വീകരിച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് രാജി. പിസി ചാക്കോക്ക് പുറമെ ഡല്‍ഹി കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്രയും രാജിവെച്ചു. ബീഹാറിന്‍റെ ചുമതലയുണ്ടായിരുന്ന ശക്തി സിങ് ഗോഹിലിനെ ഇടക്കാല എഐസിസി ഇൻചാർജായി നിയമിച്ചു.
ഡല്‍ഹി പരാജയം; പിസി ചാക്കോയും സുഭാഷ് ചോപ്രയും രാജിവെച്ചു - എഐസിസി
ബീഹാറിന്‍റെ ചുമതലയുണ്ടായിരുന്ന ശക്തി സിങ് ഗോഹിലിനെ ഇടക്കാല എഐസിസി ഇൻചാർജായി നിയമിച്ചു
തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയതെന്ന് പിസി ചാക്കോ അറിയിച്ചു. തന്‍റെ മേല്‍ സമ്മര്‍ദമുണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ താൻ രാജി നല്‍കിയിരുന്നതാണെന്നും പിസി ചാക്കോ പറഞ്ഞു. തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ തുടരാൻ കോൺഗ്രസ് പ്രസിഡന്‍റ് ആവശ്യപ്പെട്ടത് കൊണ്ടാണ് തല്‍സ്ഥാനത്ത് തുടര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ കാലം മുതലാണ് ഡല്‍ഹിയില്‍ കോൺഗ്രസിന് തിരിച്ചടി നേരിട്ട് തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.
തുടര്‍ച്ചയായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് രാജിയെന്ന് സുഭാഷ് ചോപ്ര പ്രതികരിച്ചു. 2015ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും കോണ്‍ഗ്രസിന് നിലമെച്ചപ്പെടുത്താന്‍ സാധിച്ചില്ല. കഴിഞ്ഞ തവണ 9.7 ശതമാനം വോട്ട് നേടിയ കോൺഗ്രസിന് ഇത്തവണ 4.267 ശതമാനം മാത്രമാണ് നേടാനായത്.