ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പ്രതിപക്ഷം. കോൺഗ്രസിന്‍റെ 134-ാം സ്ഥാപക ദിനമായ ഡിസംബർ ഇരുപത്തിയെട്ടിന് അസമില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. പാർട്ടി മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി അസമിലെ ഗുവാഹത്തിയില്‍ നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യും. ലക്നൗവില്‍ നടക്കുന്ന ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അഭിസംബോധന ചെയ്യും.
ദേശീയ പൗരത്വ ഭേദഗതി നിയമം; ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ് - രാജ്യമെങ്ങും പ്രതിഷേധം
ഭരണഘടനയെ സംരക്ഷിക്കുക - ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി രാജ്യത്തെങ്ങും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം
![ദേശീയ പൗരത്വ ഭേദഗതി നിയമം; ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ് Priyanka Gandhi Vadra AICC Save Constitution-Save India Uttar Pradesh Pradesh Congress Committee കോൺഗ്രസ് പ്രക്ഷോഭം രാജ്യമെങ്ങും പ്രതിഷേധം കോൺഗ്രസ് സ്ഥാപക ദിനം വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5511019-141-5511019-1577450418298.jpg)
സ്ഥാപക ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന തലസ്ഥാനങ്ങളില്‍ പതാക ഉയർത്തുന്നതിന് പുറമെ 'ഭരണഘടനയെ സംരക്ഷിക്കുക - ഇന്ത്യയെ സംരക്ഷിക്കുക' എന്ന സന്ദേശം ഉൾക്കൊള്ളിച്ച് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇതിനായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ ഭരണഘടനയുടെ ആമുഖം അതത് ഭാഷകളില്‍ വായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ പട്ടികയും ദേശീയ പൗരത്വ നിയമവും നടപ്പാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. രാജ്യത്തെ സർവകലാശാലകളിലും കോളജുകളിലും പ്രമുഖ സ്ഥാപനങ്ങളിലും വ്യാപകമായ പ്രതിഷേധം ഉയർന്ന് വന്നിട്ടുണ്ട്. ഈ തിരിച്ചടി നേരിട്ട പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പതിവ് പോലെ ഭിന്ന അഭിപ്രായങ്ങളാണ് പറയുന്നത്. പ്രതിഷേധക്കാരെ പൊലീസ് വിവേചനരഹിതമായാണ് ആക്രമിച്ചത്. പലയിടത്തും നടന്ന പൊലീസ് വെടിവെയ്പ്പില്‍ നിരവധി പേർ കൊല്ലപ്പെട്ടു. ഈ സംഭവങ്ങളില്‍ എല്ലാം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും ഭിന്ന അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും വേണുഗോപാല്‍ ആരോപിച്ചു.
ഭരണഘടനയ്ക്ക് വിരുദ്ധമായി ആർട്ടിക്കിൾ-14ന്‍റെ ലംഘനമാണ് സിഎഎ. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയിലും സർക്കാർ എൻപിആറുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ്. ഡിസംബർ പതിനാലിന് എൻപിആർ അപ്ഡേറ്റ് ചെയ്യുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ആർഎസ്എസിന്‍റെയും ബിജെപിയുടെയും ദീർഘകാല അജണ്ടയുടെ ഭാഗമായാണ് എൻപിആർ നടപടികൾ പൂർത്തിയാക്കി എൻആർസി നടപ്പാക്കാനുള്ള നീക്കം. ഇത് ജനങ്ങളില്‍ വീണ്ടും ആശങ്കകളും സംശയങ്ങളും ഉയർത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു. ഭരണഘടനക്കെതിരെയുള്ള വെല്ലുവിളിക്ക് എതിരെയും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ പുരോഗതിയുടെ പാതയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള ഏതൊരു ശ്രമത്തിനെതിരെയും കോൺഗ്രസ് ശബ്ദമുയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.