ന്യൂഡല്‍ഹി: നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നിര്‍ധനരായ അതിഥി തൊഴിലാളികളുടെ ട്രെയിൻ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ട് തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട അവസരമാണിതെന്നും ഇത് കോണ്‍ഗ്രസിന്‍റെ എളിയ സംഭാവനയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
നിര്‍ധനരായ അതിഥി തൊഴിലാളികളുടെ ട്രെയിൻ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് സോണിയ ഗാന്ധി - ലോക്ക് ഡൗൺ
നിര്‍ധനരായ ഓരോ തൊഴിലാളിയുടെയും ട്രെയിന്‍ യാത്രാച്ചെലവ് അതത് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ വഹിക്കുമെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

സ്വന്തം നാട്ടിലേക്ക് തിരിച്ചു പോവുന്ന നിര്‍ധനരായ ഓരോ തൊഴിലാളിയുടെയും ട്രെയിന്‍ യാത്രാച്ചെലവ് അതത് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ വഹിക്കുമെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ആവശ്യം കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും അവഗണിച്ചെന്നും സോണിയ ആരോപിച്ചു.
ആയിരക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികൾ തങ്ങളുടെ കുടുംബത്തെ കാണാനായി ഭക്ഷണമോ മരുന്നോ പണമോ യാത്രാ സൗകര്യമോ ഇല്ലാതെ കിലോമീറ്ററുകളോളം കാൽനടയായി യാത്ര ചെയ്യേണ്ടി വന്നെന്നും സോണിയ ചൂണ്ടിക്കാട്ടി. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് അതിഥി തൊഴിലാളികളെന്നും രാജ്യപുരോഗതിയുടെ അംബാസിഡര്‍മാരാണ് അവരെന്നും സോണിയ പ്രസ്‌താവനയില്‍ പറഞ്ഞു.