ചെന്നൈ:തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് സഖ്യത്തില്‍ വിള്ളല്‍ വീണെന്ന പ്രചരാണം പ്രതിരോധിക്കാനൊരുങ്ങി ഡിഎംകെ- കോൺഗ്രസ് നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളുടെ വിഭജനത്തെച്ചൊല്ലി ഇരു പാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് അളഗിരി ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്‌റ്റാലിനെതിരെ പരസ്യമായി രംഗത്തെത്തിയതോടെയാണ് സഖ്യത്തിലെ വിള്ളല്‍ പരസ്യമായത്. തുടര്‍ന്ന് ശനിയാഴ്‌ച സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും, ഡിംഎംകെ നേതൃത്വവും കൂടിക്കാഴ്‌ച നടത്തി. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തുവച്ചാണ് കൂടിക്കാഴ്‌ച നടന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളുടെ വിഭജനത്തില്‍ വേണ്ട പരിഗണന കിട്ടിയില്ലെന്ന അളഗിരിയുടെ പ്രസ്‌താവന സ്‌റ്റാലിന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഇത്തരം വിഷയങ്ങളില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും, അനാവശ്യമായി പരസ്യ പ്രസ്‌തവാനകള്‍ നടത്തുന്നതാണ് സഖ്യത്തില്‍ വിള്ളല്‍ വീണുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായതെന്നും സ്‌റ്റാലിന്‍ കുറ്റപ്പെടുത്തി.