ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ മലിനീകരണ തോത് സംബന്ധിച്ചുള്ള ചർച്ചകള്‍ക്കായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ഇന്നലെ ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു. ജനങ്ങളെ ഈ അപകടത്തിൽ നിന്ന് രക്ഷിക്കാൻ ബോധവത്കരണ ക്യാമ്പയിനുകള്‍ ആരംഭിക്കണമെന്ന് പ്രിയങ്ക ഗാന്ധി കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. പ്രിയങ്കയുടെ നിർദേശപ്രകാരം സമൂഹത്തിലെ ദരിദ്ര വിഭാഗത്തിനും റിക്ഷാ- ഓട്ടോ ഡ്രൈവർമാരുൾപ്പെടെയുള്ളവർക്കും ഡൽഹി കോൺഗ്രസ് മാസ്‌ക്കുകൾ വിതരണം ചെയ്യും. മെഡിക്കൽ ക്യാമ്പുകൾ സ്ഥാപിക്കാനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.
ഡല്‍ഹിയിലെ വായു മലിനീകരണം; കോണ്‍ഗ്രസ് അടിയന്തര യോഗം ചേര്‍ന്നു - delhi congerss news latest
മലിനീകരണത്തെ നേരിടാൻ കെജ്‌രിവാൾ സർക്കാരിന്‍റെ വിചിത്രമായ കാർ റേഷനിങ് പദ്ധതി ഫലപ്രദമല്ലെന്ന് പ്രിയങ്ക ഗാന്ധി
മലിനീകരണത്തെ ചെറുക്കാൻ കൈകോർക്കേണ്ടതുണ്ട്. പരസ്‌പരം കുറ്റപ്പെടുത്തുന്നത് ഒഴിവാക്കാനും പ്രിയങ്ക നേതാക്കൾക്ക് നിർദേശം നല്‍കി. മറ്റുള്ളവര്‍ക്ക് നേരെ വിരൽ ചൂണ്ടുന്നതിനുപകരം നമുക്ക് എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ചിന്തിക്കണം. മലിനീകരണത്തിനെതിരെ ഒരു ബഹുജന പ്രസ്ഥാനം ആരംഭിക്കാൻ എൻജിഒകളുടെ സഹായം സ്വീകരിക്കാമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ഡല്‍ഹിയിലെ വായു മലിനീകരണത്തിന്‍റെ പ്രധാന കാരണമായ പഞ്ചാബിലെയും ഹരിയാനയിലെയും കാര്‍ഷിക വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്ന വിഷയവും യോഗത്തില്‍ ഉന്നയിച്ചു. വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഡൽഹി കോൺഗ്രസ് പ്രസിഡന്‍റ് സുഭാഷ് ചോപ്ര, പി.സി ചാക്കോ, ദേശീയ സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ട്രഷറർ അഹമ്മദ് പട്ടേൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.