ഡെറാഡൂൺ: ആയുഷ് മന്ത്രാലയത്തിന്‍റെ എല്ലാ സംശങ്ങള്‍ക്കും ഉടൻ പരിഹാരം കണ്ടെത്തുമെന്ന് യോഗ ഗുരു ബാബാ രാംദേവ്. ചെറിയ ചില ആശയ വിനിമയ പിഴവാണ് ഇവിടെ സംഭവിച്ചിട്ടുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പതഞ്ജലിയുടെ കൊവിഡ് മരുന്നുമായി ബന്ധപ്പെട്ട എല്ലാ പരിശോധനകളും പൂര്‍ത്തീകരിച്ചുവെന്നും ഈ വിവരങ്ങള്‍ മന്ത്രാലയത്തിന് കൈമാറിയതായും ബാബാ രാംദേവ് വ്യക്തമാക്കി. കൊറോണില്‍-സ്വാസരി എന്നാണ് മരുന്നിന്‍റെ പേര്.
കൊവിഡ് മരുന്ന്; മന്ത്രാലയത്തിന്‍റെ സംശയങ്ങള്‍ പരിഹരിക്കുമെന്ന് ബാബാ രാംദേവ് - Coronil & Swasari
പതഞ്‌ജലി റിസര്‍ച്ച് സെന്‍ററും എന്‍ഐഎംഎസും സംയുക്തമായാണ് കൊവിഡ് ചികിത്സക്കുള്ള മരുന്ന് നിര്‍മിക്കുന്നത്
ഈ മരുന്ന് കഴിച്ചാല്‍ ഏഴ് ദിവസത്തിനുള്ളില്‍ കൊവിഡ് പൂര്‍ണമായും ഭേദമാകുമെന്നാണ് പതഞ്ജലി അവകാശപ്പെടുന്നത്. ഇതേ തുടര്‍ന്ന് പതഞ്‌ജലിയോട് മരുന്നിന്‍റെ വിശദാംശങ്ങൾ നൽകാൻ ആയുഷ് മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. പരിശോധന കഴിയും വരെ പരസ്യം ചെയ്യുന്നത് നിർത്തിവെക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പതഞ്ജലി ആയുർവേദ ലിമിറ്റഡ് വികസിപ്പിച്ച കൊവിഡ് മരുന്നിനെക്കുറിച്ച് വാര്‍ത്തകളില്‍ നിന്നാണ് മന്ത്രാലയത്തിന് വിവരം ലഭിച്ചത്. 280 രോഗികളില്‍ മരുന്ന് പരീക്ഷിക്കുകയും നൂറ് ശതമാനം വിജയം കണ്ടെത്തുകയും ചെയ്‌തെന്ന് രാംദേവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഒരാഴ്‌ച കൊണ്ട് നൂറുശതമാനം രോഗമുക്തി നേടാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.