' ഞാൻ കൈക്കൂലിക്കാരനല്ല'; ഓഫീസില്‍ ബോർഡ് വെച്ച് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ - കൈക്കൂലി വാങ്ങില്ലെന്ന ബോർഡ് വെച്ച് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ
ആളുകളോട് കൈക്കൂലി ആവശ്യമില്ലെന്ന് തുടർച്ചയായി പറഞ്ഞ് സഹികെട്ടാണ് അശോക് കുമാർ സ്വന്തം ഓഫീസില്‍ ബോർഡ് സ്ഥാപിച്ചത്. കൈക്കൂലി വേണ്ടെന്ന ബോർഡ് സ്ഥാപിച്ച വിവരം അറിഞ്ഞ ജില്ലാ കലക്ടർ അശോകിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
കൈക്കൂലി വാങ്ങില്ലെന്ന് തീരുമാനിച്ച് ഓഫീസില്‍ വരുന്ന സർക്കാർ ഉദ്യോഗസ്ഥർ ഒരുപാടുണ്ട്. എന്നാല്‍ കൈക്കൂലി കൊടുക്കാൻ വരുന്ന ആളുകളുടെ ബാഹുല്യം കൊണ്ട് കൈക്കൂലി വാങ്ങില്ലെന്ന് സ്വന്തം ഓഫീസില്‍ ബോർഡ് വെയ്ക്കേണ്ടി വരുന്ന സാഹചര്യം വളരെ വിരളമാണ്. അതാണ് തെലങ്കാന കരിംനഗറിലെ വൈദ്യുതി വകുപ്പ് ഓഫീസിലെ എഡിഇ അശോക് കുമാറിന് സംഭവിച്ചത്. കൈക്കൂലി വാങ്ങില്ലെന്ന് ബോർഡ് വെച്ചതോടെ അശോക് കുമാറിന് സഹപ്രവർത്തകരുടെ പ്രതിഷേധം നേരിടേണ്ടി വന്നു. അതോടെ സ്വന്തം ആസ്തിയെ കുറിച്ചും വസ്തുക്കളെ കുറിച്ചും അന്വേഷണം നടത്താൻ അശോക് കുമാറിന് പറയേണ്ടി വന്നു.
നഗരത്തില്‍ നിന്ന് കരിംനഗറിലേക്ക് സ്ഥലം മാറ്റം കിട്ടിയെത്തിയ അശോക് കുമാറിന് ഒരു ലക്ഷത്തിന് മുകളിലുള്ള നിർമാണ പ്രവൃത്തികൾക്ക് അനുമതി നല്‍കാനുള്ള അധികാരമുണ്ട്. ഇതിനായി വൈദ്യുതി വകുപ്പ് ഓഫീസിലെത്തുന്നവർ കൈക്കൂലി നല്‍കുന്നത് സർവസാധാരണമാണ്. ഇത് സഹിക്കവയ്യാതെയും ആളുകളോട് കൈക്കൂലി ആവശ്യമില്ലെന്ന് തുടർച്ചയായി പറഞ്ഞ് സഹികെട്ടുമാണ് അശോക് കുമാർ സ്വന്തം ഓഫീസില്‍ ബോർഡ് സ്ഥാപിച്ചത്.