കേരളം

kerala

By

Published : Nov 18, 2019, 2:11 PM IST

ETV Bharat / bharat

ഗാന്ധിജിയുടെ വിദ്യാഭ്യാസ കാഴ്‌ചപ്പാട് - ഓണത്തോടൊപ്പം ചേർത്തു വായിക്കുമ്പോൾ

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ എം. നാഗേശ്വര റാവു എഴുതിയ ലേഖനത്തിൽ സംസ്‌കൃതത്തിന്‍റെ പ്രാധാന്യം വിശദീകരിക്കുന്നു

വിദ്യാഭ്യാസം

ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ പൊലീസ് സേനയും മികച്ച സായുധ സേനയുമാണ് ഇന്ത്യയുടെ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്. 2005ൽ പൊലീസ് സേനയിൽ ചേരുന്ന സമയം.അന്ന് ഔദ്യോഗിക സൈൻ ബോർഡുകളിൽ സേനയുടെ ആദർശ സൂക്തമായ 'സിആർപിഎഫ് സദാ അജയ്, ഭാരത് മാതാ കീ ജയ്' എന്ന വാചകം കണ്ടപ്പോൾ വളരെ വിചിത്രമായാണ് എനിക്ക് തോന്നിയത്.

ഇന്ത്യൻ ഭരണഘടനയുടെ 351ആം അനുച്ഛേദ പ്രകാരം സംസ്‌കൃതത്തില്‍ നിന്ന് കൈക്കൊണ്ടിട്ടുള്ള പദസമ്പത്തിനെ അടിസ്ഥാനപ്പെടുത്തി ഹിന്ദി ഭാഷയെ വികസിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതര ഭാഷകൾ രൂപീകൃതമായത് സംസ്കൃതത്തിൽ നിന്ന് കടം കൊണ്ടാണെന്നത് പുതിയ അറിവല്ല. യൂറോപ്യൻ ഭാഷകളുടെ വളർച്ചയ്ക്ക് ലാറ്റിൻ ഭാഷ ഏതു രീതിയിലാണോ സഹായിച്ചത് അതേ തരത്തിലാണ് ഭാരതത്തെ സംബന്ധിച്ചിടത്തോളം സംസ്കൃതഭാഷയും. ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിൽ പോലും സംസ്കൃത ഭാഷയ്ക്ക് വേണ്ടത്ര പ്രാധാന്യം നാം നൽകുന്നില്ലെന്നത് ദു:ഖകരമായ വസ്‌തുതയാണ്.

ശക്തമായ അധിനിവേശങ്ങൾക്കും ആക്രമണങ്ങൾക്കും ഇടയിലും ഭാരത സംസ്കാരം പകർന്ന് നൽകിയ വിജ്ഞാന സമ്പത്തും ധർമ്മചിന്തയും തനിമ ചോർന്നുപോകാതെ അതേപടി കാത്തുസൂക്ഷിക്കുന്നതിൽ നമ്മുടെ പൂർവ്വികർ വിജയിച്ചിരുന്നു. പക്ഷെ ഇക്കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ വിദേശസ്വാധീനം നമ്മുടെ പരമ്പരാഗത, പൗരാണിക ബോധനത്തെ അന്യാധീനപ്പെടുത്തി. നമ്മൾ മെക്കാളെയിസത്തിന് അടിമകളായി. പുതിയ വിദ്യാഭ്യാസ രീതികളിലൂടെ ഇന്ത്യയുടെ പാരമ്പര്യം, പ്രാചീന വിജ്ഞാനം, തനതു സംസ്കാരം, ശാസ്ത്രവിദ്യ, തൊഴിൽപരമായ നൈപുണ്യം എന്നിവയെല്ലാം ഇളക്കി മാറ്റുന്നതിനെയാണ് മെക്കാളെയിസം എന്നത് കൊണ്ട് അർഥമാക്കുന്നത്. അങ്ങനെ പൗരാണിക വിജ്ഞാനത്തെ വിസ്മൃതിയിൽ ആഴ്ത്തിയ നമ്മുടെ അജ്ഞാനം, തലമുറകൾ പകർന്നു നൽകിയ പൗരാണിക വിദ്യയെന്ന മഹാവൃക്ഷത്തെ വേരോടെ പിഴുതെറിയുകയായിരുന്നു. ഈ നഗ്നസത്യത്തെ നാം ഗൗനിച്ചതേയില്ല.

വിജ്ഞാനത്തിൽ അധിഷ്ഠിതമായ സംസ്കാരമാണ് നമ്മുടേത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ ഭാരതീയർ വിദ്യയുടെ അഗാധതലങ്ങൾ തൊട്ടറിഞ്ഞിരുന്നു. ആ വിജ്ഞാനത്തിൽ പരമപ്രധാനം സംസ്കൃതഭാഷക്ക് തന്നെയാണ്. ലോകത്തെ ഏറ്റവും പ്രാചീനമായ വേദം ഋഗ്വേദമാണ്. ഏറ്റവും വലിയ കാവ്യം മഹാഭാരതവും. പഴമയേക്കാളേറെ ഋഗ്വേദത്തിന്‍റെയും മഹാഭാരതത്തിന്‍റെയും ആഴവും സങ്കീർണതയും ഉൾക്കാഴ്ചയുമെല്ലാമാണ് ലോകത്തിലേക്ക് തുറന്നത്.

നമ്മുടെ പൂർവ്വികർ ഇത്തരം മഹാസംഭാവനകൾ നൽകിയിട്ടും വേദങ്ങളോ ഉപനിഷത്തുക്കളോ മഹാഭാരതമോ രാമായണമോ അർഥശാസ്‌ത്രമോ പഞ്ചരത്നമോ ഒന്നും തന്നെ പൊതുവിദ്യാഭ്യസത്തിന്‍റെ ഭാഗമാക്കിയില്ല എന്നത് അമ്പരപ്പിക്കുന്ന വസ്‌തുതയാണ്. മറ്റേതൊരു രാജ്യത്തിനും ഭാരതത്തിന്‍റെതിന് സമാനമായ സാംസ്‌കാരിക സമ്പത്തുണ്ടായിരുന്നെങ്കിൽ ഉറപ്പായും അവർ അതിനെല്ലാം അർഹിക്കുന്ന പ്രാധാന്യം നൽകി സംരക്ഷിച്ചു പോരുമായിരുന്നു. സങ്കടകരമെന്ന് പറയട്ടെ, ആ സമ്പത്തിനെ പൊതുവിദ്യാഭ്യാസത്തിൽ നിന്ന് അപ്രത്യക്ഷമാക്കുകയാണ് നാം ചെയ്‌തത്. മറ്റേതെങ്കിലും രാഷ്ട്രത്തിലായിരുന്നെങ്കിൽ ഈ പ്രവർത്തിയെ ദേശീയ കളങ്കമോ രാജ്യവഞ്ചനയോ ആയി കണക്കാക്കിയേനെ. എന്നാൽ ഇവിടെ ഭാരതത്തിൽ അഭിമാനത്തോടെയാണ് നാം നോക്കിക്കണ്ടത്.

ഭരണഘടനയിൽ 21എ അനുച്ഛേദം എഴുതി ചേർക്കപ്പെട്ടതോടെ, വിദ്യാഭ്യാസം പൗരന്‍റെ മൗലികാവകാശമായി മാറി. എന്നിട്ടും മെക്കാളെയിസത്തിന് വളക്കൂറുള്ള മണ്ണാക്കി നമ്മൾ ഭാരതത്തെ മാറ്റിയെടുത്തു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നമ്മുടെ പൊതുവിദ്യാഭ്യസ സമ്പ്രദായത്തിൽ സാംസ്കാരിക വിസ്മൃതിയുടെ അടയാളങ്ങൾ പതിഞ്ഞു. ഇംഗ്ളീഷ് മീഡിയം സ്കൂളുകൾ എങ്ങും പൊട്ടിമുളച്ചതോടെ മാതൃഭാഷയും നമുക്ക് അന്യമായി.

ക്രിസ്‌ത്യൻ മിഷനറിമാർ നമ്മുടെ ദേശത്ത് കൊണ്ടുവന്ന വിദ്യാഭ്യാസ രീതിയെക്കുറിച്ച് സ്വാമി വിവേകാനന്ദൻ ഒരിക്കൽ പരാമർശിച്ചു. " കുഞ്ഞിനെ സ്കൂളിൽ കൊണ്ടുപോയ ശേഷം ആദ്യം പഠിപ്പിക്കുന്നത് അവന്‍റെ അച്ഛൻ ഒരു വിഢ്ഢിയാണ് എന്നാണ്. രണ്ടാമതായി പഠിപ്പിക്കുന്നത് മുത്തച്ഛൻ ഭ്രാന്തനാണ് എന്നും. മൂന്നാമത്തെ അറിവായി പറഞ്ഞുകൊടുക്കുന്നത് എല്ലാ അധ്യാപകരും കാപട്യം നിറഞ്ഞവരാണെന്നുമാണ്. പിന്നെ അവന്‍റെ മനസിൽ കുത്തിവെക്കുന്നത് അവന്‍റെ നാട്ടിലെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളുടെയും കാഴ്ചപ്പാട് വലിയ കളവുകളാണ് എന്നും". വാസ്‌തവത്തിൽ വിവേകാനന്ദൻ ഇങ്ങനെ പറഞ്ഞ് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും കാര്യങ്ങൾക്ക് പറയത്തക്ക മാറ്റമൊന്നും സംഭവിച്ചില്ല.

കൊളോണിയൽ വിദ്യാഭ്യാസത്തിന്‍റെ ദുരന്തത്തെക്കുറിച്ച് ആനന്ദ കെ കുമാരസ്വാമിയും പരിതപിച്ചിട്ടുണ്ട്. " നമ്മുടെ സംസ്‌കാരമറിയാതെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തെ മാത്രം ഉയർത്തിപ്പിടിക്കുന്ന ഒരൊറ്റ തലമുറ മാത്രം മതി ഭാരതീയ പാരമ്പര്യത്തിന്‍റെ കണ്ണികൾ അറ്റുപോകാൻ. വേരോട്ടമില്ലാത്ത, ഉപരിപ്ളവം മാത്രമായ ഒരു സങ്കരസൃഷ്ടിയാകും അത്. സ്വത്വബോധമില്ലാത്ത, കിഴക്കെന്നോ പടിഞ്ഞാറെന്നോ ഇല്ലാത്ത, ഭൂതവും ഭാവിയുമില്ലാത്ത ഒരു തലമുറ. ആധ്യാത്മിക പരിപൂർണത നഷ്ടമായതാണ് ഭാരതം നേരിടുന്ന ഏറ്റവു വലിയ വിപത്ത്. വിദ്യാഭ്യാസ രംഗത്തെ മൂല്യശോഷണമാണ് ഏറ്റവും സങ്കീർണ്ണം. അതുതന്നെയാണ് മഹാദുരന്തവും."

1931 ൽ ഭാരതത്തിന്‍റെ അവസ്ഥയെക്കുറിച്ച് മഹാത്മാഗാന്ധി പറഞ്ഞു- " ഭാരതത്തിൽ 500 വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്നതിനേക്കാൾ അജ്ഞാനം ഇപ്പോഴാണ്. ഇതേ അവസ്ഥ തന്നെയാണ് ബർമ്മക്കും. ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നപ്പോൾ, രാജ്യത്ത് നിലവിലുണ്ടായിരുന്ന വസ്‌തുതകളെ മുറുകെ പിടിക്കുന്നതിന് പകരം അവയെ സമൂലം പിഴുതു മാറ്റി. മണ്ണെല്ലാം കുത്തിയിളക്കി വേരുകളിൽ നോക്കിയ ശേഷം അവർ ആ വേരുകളെ അതേപടി ഉപേക്ഷിച്ചു. സമ്പുഷ്‌ടമായിരുന്ന വൻവൃക്ഷം അതോടെ വേരറ്റ് മുരടിച്ചു". ഗാന്ധിജിയുടെ ഈ വാക്കുകളാണ് ധർമ്മപാലിന്‍റെ ' ദി ബ്യൂട്ടിഫുൾ ട്രീ ' എന്ന ഗ്രന്ഥത്തിനാധാരം. പതിനെട്ടാം നൂറ്റാണ്ടിലെ തദ്ദേശീയ വിദ്യാഭ്യാസത്തെക്കുറിച്ചാണ് ഈ പുസ്‌തകം. ഇന്ത്യൻ സംസ്കാരത്തേയും പാരമ്പര്യത്തേയും വിദ്യാഭ്യാസത്തേയും കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തിയ ശേഷം പ്രസിദ്ധീകരിച്ച പുസ്‌തകത്തിൽ ബ്രിട്ടീഷ് അധിനിവേശത്തിൽ ഇന്ത്യയുടെ വിദ്യാഭ്യസ മേഖലയിൽ ഉണ്ടായ സങ്കീർണമായ മാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

സംസ്കൃത ഭാഷയോട് നമ്മൾ വെച്ചുപുലർത്തുന്ന മോശം മനോഭാവത്തെപ്പറ്റി പണ്ഡിറ്റ് ലക്ഷ്മീകാന്ത മൈത്രയും വ്യക്തമാക്കിയിട്ടുണ്ട്- " നമ്മുടെ സംസ്കാരത്തിലും പൗരാണിക സാഹിത്യത്തിലും ഇഴ ചേർന്നിട്ടുള്ള മഹത്തായ സത്തയെ അവഗണിച്ച് മറ്റു ഭാഷകളുടെ പിന്നാലെ പോകുന്നത് നിരർഥകമാണ്. ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം ഉയരുമ്പോൾ മനസിലാക്കേണ്ട മറ്റൊരു സത്യമുണ്ട്. സംസകൃതത്തിൽ നിന്ന് സ്വാംശീകരിക്കാത്ത ഒരു ഭാഷക്കും നിലനിൽപ്പില്ല".

ഡോ. അംബേദ്ക്കറിനും സംസ്കൃതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഏറെ പറയാനുണ്ടായിരുന്നു. നമ്മുടെ സാംസ്‌കാരിക നവോഥാനത്തിന്‍റെ ശരിയായ പാത സംസ്കൃതമാണ്. സംസ്കൃതത്തെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന് അംബേദ്കർ ആദ്യം നിർദേശിച്ചിരുന്നു. പിന്നീട് എതിർപ്പുകൾ ഉയർന്നതോടെയാകാം അദ്ദേഹം നിർദേശം പിൻവലിച്ചു. സംസ്കൃതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അംബേദ്കറുടെ ഉൾക്കാഴ്ച്ച ശരിയാണെന്ന് കാലം തെളിയിച്ചു. ഹിന്ദി ഉൾപ്പെടെയുള്ള ഭാരതീയ ഭാഷകൾ സംസ്കൃതത്തിന്‍റെ തണലില്ലാതെ ദുർബലമായി. അമ്പതാണ്ട് പിന്നിട്ടപ്പോഴേക്കും നമ്മുടെ പുരാതന സംസ്‌കാരത്തിന് അടിത്തറ പാകിയ സംസ്കൃത ഭാഷയെ നമ്മൾ വിസ്മൃതിയിലാഴ്ത്തി. ഏകദേശം ഇതേ സമയത്താണ് ഇസ്രായേൽ അവരുടെ പുരാതന ഭാഷയായ ഹിബ്രു ഭാഷയെ ശാക്തീകരിച്ച് പരിപോഷിപ്പിച്ചത്. സംസ്കൃതത്തിൽ നിന്നു പിഴുതു മാറ്റിയതോടെ ഹിന്ദി ഭാഷ നിർജീവമായി. അത് ഔദ്യോഗിക രേഖകളിൽ മാത്രം 'ഔദ്യോഗികമായി' തുടർന്നു.

ഓണമെന്ന ഉത്സവത്തിനു പിന്നിൽ സാർഥകമായ ഒരു ഐതിഹ്യമുണ്ട്. മഹാബലിയുടെ സുവർണ കാലത്തിന്‍റെ അനുസ്മരണമാണ് ഓണം. വർഷത്തിലൊരിക്കൽ തന്‍റെ പ്രജകളുടെ സന്തോഷം കാണാനാണ് മഹാബലി ചക്രവർത്തിയെത്തുന്നത്. ഓണത്തേയും നമ്മുടെ ഭാഷാ പൈതൃകത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചരടുണ്ട്. ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിൽ നമ്മൾ പുതിയൊരു ഓണത്തിന് തുടക്കം കുറിക്കേണ്ടതുണ്ട്. ഭാരതത്തിന്‍റെ വർത്തമാനകാലത്തെ വിദ്യാഭ്യാസ രീതി കാണാനായി മഹാത്മജിയുടെ ആത്മാവ് വർഷത്തിലൊരിക്കൽ ഭാരത്തിലെത്തും പ്രജകളെക്കാണാൻ മഹാബലിത്തമ്പുരാൻ എത്തുന്നത് പോലെ.

ഒരുപക്ഷേ, അങ്ങനെ ഒരു സങ്കൽപ്പത്തിൽ നിന്ന്, നമുക്ക് നിലവിലെ വിദ്യാഭ്യാസ രംഗം ശുദ്ധീകരിക്കാൻ കഴിഞ്ഞേക്കും. നിലവിലുളള ജീർണതയും അശാസ്ത്രീയതയുമെല്ലാം നീക്കി, മാതൃഭാഷയ്ക്കു പ്രാധാന്യം നൽകി, നമ്മൾ നഷ്‌ടമാക്കിയ നമ്മുടെ പാരമ്പര്യത്തേയും പുരാതന ഭാഷാ സംസ്‌കാരത്തെയും തിരികെ പിടിക്കാൻ ഒരുപക്ഷേ കഴിഞ്ഞേക്കും. വർഷത്തിലൊരിക്കൽ നമുക്കിടയിലേക്കെത്തുന്ന രാഷ്ട്രപിതാവിനെ ആദരിക്കാനെങ്കിലും നാം ഇതു ചെയ്യണം.

- എം. നാഗേശ്വര റാവു
(മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ, ലേഖനത്തിലെ കാഴ്‌ചപ്പാട് തികച്ചും വ്യക്തിപരം.)

ABOUT THE AUTHOR

...view details