രാമനാഥപുരം: നേരം വെളുത്തതേയുള്ളൂ.. കൂട്ടമായി സ്‌ത്രീകള്‍ കടലിലേക്കിറങ്ങുകയായി. തമിഴ്‌നാട്ടിൽ രാമനാഥപുരത്ത് രാമേശ്വരം എന്ന ദ്വീപിലാണ് ഈ കാഴ്‌ച. കടലിന്‍റെയോ തിരമാലകളുടെയോ ആരവമൊന്നും അവരെ ഭയപ്പെടുത്തുന്നില്ല. കടലിന്‍റെ മക്കള്‍ ആണെന്ന അഭിമാനത്തോടെ കടൽപുറ്റുകൾ ശേഖരിക്കാൻ അവർ തിരമാലകൾക്കിടയിലേയ്ക്കിറങ്ങും..
ഉപ്പു വെള്ളത്തില്‍ മണിക്കൂറുകളോളം മുങ്ങിക്കിടന്ന് കടല്‍പുറ്റ് വാരി ജീവിതം നയിക്കുന്നവരാണിവർ. തീർത്തും പ്രയാസമേറിയ ജോലി.. ശ്വാസം പിടിച്ച് വെള്ളത്തിനടിയില്‍ ഏറെ നേരം മുങ്ങി തപ്പണം. കടല്‍പുറ്റുകള്‍ വാരി കൊണ്ടു വരണം. പലപ്പോഴും കുറച്ച് മാത്രമേ ലഭിക്കൂ.. വിനോദസഞ്ചാരത്തിനും മത്സ്യബന്ധത്തിനും പുറമെ കടല്‍പുറ്റ് വാരുന്നതും വരുമാനമുള്ള തൊഴിലാണ്. പ്രത്യേകിച്ച് സ്‌ത്രീകള്‍ക്ക്.. 60 വര്‍ഷത്തിലേറെയായി ഇവരിൽ പലരും ഈ ജോലി തുടരുകയാണ്. ചെറുപ്രായം മുതൽ തൊഴിൽ മേഖലയിലേയ്ക്ക് ഇറങ്ങിയവരാണ് ഭൂരിഭാഗവും.