സ്വത്ത് തർക്കം; യുപിയിൽ വെടിവെപ്പില്‍ ഒരാൾ കൊല്ലപ്പെട്ടു - Murder
യുപിയിലെ പ്രതാപ്‌ഗഡ് ജില്ലയിലെ ഖേംസാരി ഗ്രാമത്തിൽ സ്വത്ത് തർക്കത്തെ തുടർന്ന് ബന്ധുവിന്‍റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ലഖ്‌നൗ: യുപിയിലെ പ്രതാപ്‌ഗഡ് ജില്ലയിലെ ഖേംസാരി ഗ്രാമത്തിൽ സ്വത്ത് തർക്കത്തെ തുടർന്ന് ബന്ധുവിന്‍റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. കമലേഷ് സരോജ് (40) ആണ് കൊല്ലപ്പെട്ടത്. കമലേഷിനെയും അച്ഛൻ രാംലാൽ, സഹോദരൻ ശോഭനാഥ് എന്നിവരെയും പരിക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കമലേഷ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചതായി എ.എസ്.പി (വെസ്റ്റ്) ദിനേശ് ദ്വിവേദി പറഞ്ഞു. ആരോഗ്യനില മോശമായതിനെത്തുടർന്ന് പരിക്കേറ്റ രണ്ടുപേരെയും പിന്നീട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട കമലേഷിന് ബന്ധുവായ രാജാറാം സരോജുമായി സ്വത്ത് തർക്കം ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം രാജാറാം ഒളിവിലാണെന്നും എ.എസ്.പി കൂട്ടിചേർത്തു. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.