ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ലൈംഗികാരോപണപരാതി തള്ളി. ആഭ്യന്തര അന്വേഷണ സമിതിയാണ് ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയത്. ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ സമിതിയാണ് ചീഫ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിച്ചത്.
തന്‍റെ പരാതി അന്വേഷണ സമിതി തള്ളിയനെതിരെ പരാതിക്കാരി രംഗത്ത് വന്നു. സംഭവത്തില്‍ കടുത്ത നിരാശയുണ്ടെന്ന് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉന്നത നീതി പീഠത്തില്‍ നിന്നും തനിക്ക് നീതി നിഷേധിക്കപ്പെട്ടു. തെളിവുകള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. താന്‍ എന്താണോ ഭയപ്പെട്ടത് അത് തന്നെ സംഭവിച്ചുവെന്നും യുവതി പറഞ്ഞു.
ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ്; താന്‍ ഭയപ്പെട്ടത് സംഭവിച്ചുവെന്ന് പരാതിക്കാരി
നാടകീയമായാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗീകാരോപണവുമായി മുന്‍ കോടതി ജീവനക്കാരി രംഗത്തെത്തുന്നത്. 22 ജഡ്ജിമാര്‍ക്കാണ് യുവതി ചീഫ് ജസ്റ്റിസ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍തിയത്. അടുത്ത ദിവസം തന്നെ ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിംഗ് വിളിച്ച് ചേര്‍ത്തു. കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരും അറ്റോര്‍ണി ജനറലടക്കം ഹാജരായ അടിയന്തര സിറ്റിഗില്‍ ചീഫ് ജസ്റ്റിസ് തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഇത് ജുഡീഷ്യറിയുടെ പ്രവര്‍ത്തന സ്വാതന്ത്യം ഹനിക്കാനുള്ള ഗൂഢാലോചനയാണെന്നും പരാതിക്കാരിയുടെ പിന്നില്‍ മറ്റോരൊക്കെയോ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടര്‍ന്ന് ലൈംഗീകാരോപണം അന്വേഷിക്കാനും ഇതിലെ ഗൂഢാലോചന പരിഗണിക്കാനും മൂന്നംഗ ബഞ്ച് രൂപികരിക്കാനും തീരുമാനമായി.
ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എന്‍ വി രമണ, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ അംഗങ്ങളായ ആഭ്യന്തര അന്വേഷണസമിതിയാണ് യുവതിയുടെ ലൈംഗീകാരോപണ പരാതി പരിഗണിക്കുകയെന്ന് ആദ്യം പ്രഖ്യാപിച്ചുവെങ്കിലും ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്‍റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി ജസ്റ്റിസ് എസ് എ ബോബഡെയ്ക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്ന് ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് ജസ്റ്റിസ് രമണ പിന്മാറി പകരം ഇന്ദു മല്‍ഹോത്ര സമിതിയില്‍ വന്നു. എന്നാല്‍ ഒരു തവണ സമിതിക്കു മുന്നില്‍ ഹാജരായ യുവതി പിന്നീട് അന്വേഷണവുമായി സഹകരിക്കില്ലന്ന് അറിയിച്ചു.
ഭീതിജനകമായ അന്തരീക്ഷത്തിലാണ് ഹിയറിങ് നടക്കുന്നതെന്നും സ്വന്തം അഭിഭാഷകനെപ്പോലും കൂടെകൂട്ടാന്‍ അനുവദിക്കാതിരിക്കുന്നത് അന്വേഷണം വഴിതിരിച്ചു വിടാനാണെന്നും സമിതിയില്‍ വിശ്വാസമില്ലന്നും പറഞ്ഞ് പരാതിക്കാരി പിന്‍മാറുകയായിരുന്നു.
അതിനിടെ യുവതിയുടെ അഭിഭാഷകനേയും സമതിയുടെ ഹിയറിംഗില്‍ സഹകരിപ്പിക്കണമെന്ന് സുപ്രീംകോടതിയിലെ രണ്ട് മുതിര്‍ന്ന ജഡ്ജുമാര്‍ ആവശ്യപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സുപ്രീംകോടതി അത് ഉടനടി നിഷേധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയുടെ ആരോപണം അന്വേഷണ സമിതി തള്ളിയിരിക്കുന്നത്.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന ജുഡീഷ്യന്‍ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടു. വിരമിച്ച ജസ്റ്റിസ് എ കെ പട്നായികിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.