ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാതിക്രമ ആരോപണം അന്വേഷിക്കുന്ന സുപ്രീം കോടതി ആഭ്യന്തര സമിതിയിൽ ആശങ്കയറിയിച്ച് പരാതിക്കാരി. ജഡ്ജിമാരുടെ മൂന്നംഗ സമിതിക്കെതിരെയാണ് പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്.
സുപ്രീം കോടതി അന്വേഷണ സമിതിയില്‍ ആശങ്കയറിയിച്ച് പരാതിക്കാരി
"ചീഫ് ജസ്റ്റിസ് കുടുംബാംഗത്തെപ്പോലെ കാണുന്ന ജസ്റ്റിസ് എൻ വി രമണ അംഗമായ സമിതിയുടെ അന്വേഷണം നീതിപൂർവ്വമായിരിക്കില്ലെന്ന് ആശങ്ക"
സുപ്രീം കോടതി മുൻ ജീവനക്കാരിയുടെ പരാതിയിൽ അന്വേഷണം നടത്തുന്ന മൂന്നംഗ ആഭ്യന്തര സമിതിക്ക് മുമ്പാകെ വെള്ളിയാഴ്ച ഹാജരായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് സമിതിയിലുള്ള അവിശ്വാസം അറിയിച്ച് സമിതിക്ക് പരാതിക്കാരി കത്തയച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് കുടുംബാംഗത്തെപ്പോലെ കാണുന്ന ജസ്റ്റിസ് എൻ വി രമണ അംഗമായ സമിതിയുടെ അന്വേഷണം നീതിപൂർവ്വമായിരിക്കില്ലെന്ന ആശങ്ക പരാതിക്കാരി സമിതിയംഗങ്ങൾക്ക് അയച്ച കത്തിൽ പ്രകടിപ്പിച്ചു. ലൈംഗിക അതിക്രമ പരാതി അന്വേഷിക്കേണ്ട സമിതിയിൽ ഭൂരിഭാഗം അംഗങ്ങളും വനിതകളായിരിക്കണമെന്നതാണ് ചട്ടം. അത് ലംഘിക്കപ്പെട്ടു. വെള്ളിയാഴ്ച ഹാജരാകുമ്പോൾ ഒപ്പം അഭിഭാഷകനെ അനുവദിക്കണം. നടപടിക്രമങ്ങൾ മുഴുവൻ വീഡിയോയിൽ പകർത്തി അതിന്റെ പകർപ്പ് കൈമാറണമെന്നും പരാതിക്കാരി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചീഫ് ജസ്റ്റിസിനെതിരെ ഗൂഡാലോചന നടന്നുവെന്ന ആരോപണത്തിൽ സുപ്രീം കോടതി നാളെ അന്വേഷണം പ്രഖ്യാപിച്ചേക്കും